Trending

+1 കോഴ്സുകളിലേക്ക് മെയ് 14 മുതൽ ഓൺലൈനായി അപേക്ഷിക്കാം


എസ്.എസ്.എൽ.സിക്ക് ശേഷമുള്ള പ്രധാന ഉപരിപഠന മാർഗമായ ഹയർസെക്കൻഡറി കോഴ്സുകളിലേക്കുള്ള പ്രവേശന വിജ്ഞാപനം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട ഒഴികെ മുഴുവൻ മെറിറ്റ് സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയാണ് അലോട്ട്മെൻറ് നടത്തുന്നത്. മാനേജ്മെന്‍റ്, കമ്യൂണിറ്റി, അൺഎയ്ഡഡ് ക്വോട്ടകളിൽ സ്കൂൾതലത്തിൽ നേരിട്ട് അപേക്ഷിക്കാവുന്നതാണ്.

ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.in ൽ ലഭ്യമാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മെയ് 14 മുതൽ 20 വരെ ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ട്രയൽ അലോട്ട്മെൻറ് മെയ് 24നും ആദ്യ അലോട്ട്മെൻറ് ജൂൺ രണ്ടിനും പ്രസിദ്ധീകരിക്കും.

പ്രവേശന യോഗ്യത:

* എസ്.എസ്.എൽ.സി (കേരള സിലബസ്), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി സ്കീമുകളിൽ പരീക്ഷ പാസായവർക്കും മറ്റ് സംസ്ഥാനങ്ങൾ/ രാജ്യങ്ങളിൽനിന്ന് എസ്.എസ്.എൽ.സിക്ക് തുല്യമായ പരീക്ഷ ജയിച്ചവർക്കും അപേക്ഷിക്കാം.
* പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി പ്ലസ് ഗ്രേഡോ തുല്യമായ മാർക്കോ വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം.
* ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം ഇല്ലാത്ത മറ്റ് സ്കീമുകളിൽ പരീക്ഷയെഴുതിയവരുടെ മാർക്കുകൾ ഗ്രേഡാക്കി മാറ്റിയ ശേഷമാകും പരിഗണിക്കുക.
* 2025 ജൂൺ ഒന്നിന് 15 വയസ്സ് പൂർത്തിയാകണം. 20 വയസ്സ് കവിയാൻ പാടില്ല.
* കേരളത്തിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ ജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. മറ്റ് ബോർഡുകളുടെ പരീക്ഷ ജയിച്ചവർക്ക് പ്രായപരിധിയിൽ ആറു മാസം വരെ ഇളവ് അനുവദിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമുണ്ട്.
* കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷ ജയിച്ചവർക്ക് ഉയർന്ന പ്രായപരിധിയിൽ ആറു മാസം വരെ ഇളവ് അനുവദിക്കാൻ ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരമുണ്ട്.
* പട്ടികജാതി/വർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ടു വർഷം വരെ ഇളവുണ്ടാകും.
* അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക് 25 വയസ്സുവരെ അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി:

വിദ്യാർത്ഥികൾ https://hscap.kerala.gov.in എന്ന അഡ്മിഷൻ ഗേറ്റ്വേയിലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി പ്രവേശന പോർട്ടലിൽ പ്രവേശിച്ച് CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ ആദ്യം സൃഷ്ടിക്കണം. മൊബൈൽ ഒ.ടി.പി ഉപയോഗിച്ച് സുരക്ഷിതമായ പാസ്‌വേഡ് നൽകി ലോഗിൻ സൃഷ്ടിച്ച ശേഷം അപേക്ഷ സമർപ്പിക്കാനും മറ്റ് പ്രവേശന വിവരങ്ങൾ അറിയാനും സാധിക്കും. അപേക്ഷിക്കൽ, അപേക്ഷ പരിശോധന, ട്രയൽ അലോട്ട്മെൻറ് പരിശോധന, ഓപ്ഷൻ പുനഃക്രമീകരണം, അലോട്ട്മെൻറ് പരിശോധന, രേഖകളുടെ സമർപ്പണം, ഫീസ് അടയ്ക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും ഈ കാൻഡിഡേറ്റ് ലോഗിൻ നിർബന്ധമാണ്.

കാൻഡിഡേറ്റ് ലോഗിനിലെ APPLY ONLINE എന്ന ലിങ്കിലൂടെ വിദ്യാർത്ഥികൾക്ക് സ്വന്തമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പത്താംതരം പഠന സ്കീം ‘others’ വിഭാഗത്തിൽ വരുന്നവർ മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, തുല്യത സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് (100 കെ.ബിയിൽ കവിയാത്ത പി.ഡി.എഫ് ഫോർമാറ്റിൽ) അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഭിന്നശേഷി വിഭാഗത്തിലുള്ളവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്‍റെ സ്കാൻ ചെയ്ത കോപ്പി (100 കെ.ബി/ പി.ഡി.എഫ്) അപ്‌ലോഡ് ചെയ്യണം. മറ്റ് അപേക്ഷകർ സർട്ടിഫിക്കറ്റുകൾ ഒന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല.

ഓപ്ഷനുകൾ നൽകേണ്ട രീതി:
ലോഗിൻ പേജിൽ യോഗ്യതാ പരീക്ഷയുടെ സ്കീം, രജിസ്റ്റർ നമ്പർ, മാസം, വർഷം, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ നൽകി ‘Application Submission Mode’ (സ്വന്തമായോ/ സ്കൂൾ സഹായക കേന്ദ്രം/ മറ്റ് രീതി) തിരഞ്ഞെടുത്ത് സെക്യൂരിറ്റി ക്യാപ്ച ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യണം. തുടർന്ന് അപേക്ഷകന്റെ പൊതുവിവരങ്ങൾ നൽകാനുള്ള പേജ് തുറന്നുവരും. ഇവിടെ ജാതി, വിഭാഗം, താമസിക്കുന്ന സ്ഥലം, പത്താം ക്ലാസ് പഠിച്ച സ്കൂൾ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം. ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ ടിക്ക് ചെയ്യുക. ആദ്യമായി പരീക്ഷ പാസായവർ ‘ചാൻസ് 1’ എന്ന് രേഖപ്പെടുത്തണം. ഗ്രേഡ് പോയിന്റ് നൽകിയ ശേഷം ഓപ്ഷനുകൾ നൽകാനുള്ള പേജിൽ എത്താം.

ഓരോ ഓപ്ഷനിലും പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളും അവിടുത്തെ ഒരു വിഷയ കോമ്പിനേഷനും ഉൾക്കൊള്ളുന്നു. ഏറ്റവും ഇഷ്ടപ്പെട്ട സ്കൂളും കോമ്പിനേഷനും ആദ്യ ഓപ്ഷനായി നൽകണം. തുടർന്ന് പരിഗണിക്കാവുന്ന സ്കൂളുകളും കോമ്പിനേഷനുകളും മുൻഗണനാ ക്രമത്തിൽ നൽകാം.

പ്രവേശന സാധ്യത അറിയാൻ കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് വിവരങ്ങൾ വെബ്സൈറ്റിൽ (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിച്ചാൽ അതിനു ശേഷമുള്ള ലോവർ ഓപ്ഷനുകൾ റദ്ദാകും. ഉയർന്ന ഓപ്ഷനുകൾ നിലനിൽക്കും. ആവശ്യമുള്ള ഓപ്ഷനുകൾ നൽകി സബ്മിറ്റ് ചെയ്ത ശേഷം അപേക്ഷയുടെ പൂർണ്ണ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തിയ ശേഷം ഫൈനൽ കൺഫർമേഷൻ നൽകി അപേക്ഷ സമർപ്പണം പൂർത്തിയാക്കണം.

വിഷയ കോമ്പിനേഷനുകൾ:
സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ മൂന്ന് പ്രധാന ഗ്രൂപ്പുകളിലായി വിവിധ വിഷയ കോമ്പിനേഷനുകൾ ലഭ്യമാണ്. ഓരോ സ്കൂളിലെയും ലഭ്യമായ കോമ്പിനേഷനുകൾ വെബ്സൈറ്റിൽ നിന്നും പരിശോധിക്കാവുന്നതാണ്.

ഹെൽപ് ഡെസ്കുകൾ:
അപേക്ഷ സമർപ്പണത്തിന് വിദ്യാർത്ഥികൾക്ക് സ്വന്തമായോ അല്ലെങ്കിൽ പത്താംതരം പഠിച്ച സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗപ്പെടുത്താം. കൂടാതെ, അടുത്തുള്ള സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ ഹെൽപ് ഡെസ്കുകളുടെ സഹായവും തേടാവുന്നതാണ്.

പ്രധാന സമയക്രമം:
മെറിറ്റ് ക്വോട്ട (ഏകജാലകം)
* അപേക്ഷ സമർപ്പണം: മെയ് 14-20
* ട്രയൽ അലോട്ട്മെൻറ്: മെയ് 24
* ഒന്നാം അലോട്ട്മെൻറ്: ജൂൺ രണ്ട്
* മൂന്നാം അലോട്ട്മെൻറ് അവസാനിക്കൽ: ജൂൺ 17
* ക്ലാസ് തുടങ്ങുന്നത്: ജൂൺ 18
* സപ്ലിമെൻററി അലോട്ട്മെൻറ്: ജൂൺ 28 -ജൂലൈ 23
സ്പോർട്സ് ക്വോട്ട
 * രജിസ്ട്രേഷനും വെരിഫിക്കേഷനും: മെയ് 23 - 28
 * ഓൺലൈൻ രജിസ്ട്രേഷൻ: മെയ് 24-29
 * ഒന്നാം അലോട്ട്മെൻറ്: ജൂൺ മൂന്ന്
 * മുഖ്യ അലോട്ട്മെൻറ് 
അവസാനിക്കൽ: ജൂൺ 16

ട്രയൽ അലോട്ട്മെൻറ് അപേക്ഷകരുടെ പ്രവേശന സാധ്യതയെക്കുറിച്ചുള്ള സൂചന നൽകുന്നു. ഇതിനുശേഷം അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം ലഭിക്കും.

മുഖ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റുകൾ ഉണ്ടാകും. അതിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും. ആദ്യ അലോട്ട്മെന്റിൽ താഴ്ന്ന ഓപ്ഷനാണ് ലഭിച്ചതെങ്കിൽ താൽക്കാലിക പ്രവേശനം നേടാവുന്നതാണ്. എന്നാൽ മൂന്നാം അലോട്ട്മെന്റ് കഴിയുന്നതോടെ താൽക്കാലിക പ്രവേശനം നേടിയവർ സ്ഥിര പ്രവേശനം നേടണം.

തെറ്റായ വിവരങ്ങൾ നൽകി അലോട്ട്മെൻറ് നേടിയാൽ അത് റദ്ദാക്കുകയും പ്രവേശനം നിഷേധിക്കുകയും ചെയ്യും. അമിത ഫീസ് ഈടാക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഫീസ് അടയ്ക്കുമ്പോൾ രസീത് ചോദിച്ചു വാങ്ങേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി https://hscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment

Previous Post Next Post