LATEST

6/recent/ticker-posts

കള്ളാടി-മേപ്പാടി തുരങ്കപാത: സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ



ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ ഉടമകളിൽ ചിലർ നൽകിയ പരാതിയെത്തുടർന്ന് സ്ഥലമേറ്റെടുക്കൽ നടപടികൾ ഹൈക്കോടതി സ്റ്റേചെയ്തു. വയനാട്ടിലേക്കുള്ള തുരങ്കപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ സമീപത്ത് യാതൊന്നും ചെയ്യാൻകഴിയാതെയുള്ള ഭൂമികൂടി ഏറ്റെടുക്കണമെന്ന ആവശ്യം ചിലഭൂവുടമകൾ ഉന്നയിച്ചിരുന്നു. എന്നാൽ, അതിന് തയ്യാറാകാതെ നഷ്‌ടപരിഹാരം നൽകാനുള്ള നടപടികളിലേക്ക് കടന്നു. തുടർന്ന് ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിപ്പിച്ചത്.


രണ്ടുതവണ ഹർജി ഹൈക്കോടതി പരിഗണിച്ചിട്ടും സർക്കാർ ഇതിനെതിരേ പ്രതികരിച്ചിട്ടില്ലെന്ന് പരാതിക്കാർ പറഞ്ഞു. കൃഷി ചെയ്യാൻപോലും സാധ്യമാകാത്ത ചെറിയ വിസ്തൃതിയിലുള്ള ഭൂമിയാണ് സ്ഥലം ഏറ്റെടുത്തുകഴിഞ്ഞാൽ ബാക്കിയാകുക. ഈ സ്ഥലം ഒന്നിനും ഉപകാരപ്പെടില്ലെന്നും അതിനാൽ ബാക്കിയുള്ള ഭൂമികൂടി ഏറ്റെടുക്കണമെന്നും പദ്ധതിയോട് അനുകൂലനിലപാടാണെന്നും പരാതിക്കാരിൽ ഒരാളായ കെ.എം. നജ്‌മ പറഞ്ഞു.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇


തുരങ്കനിർമാണത്തിനിടെ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ സൂക്ഷിക്കുന്നതിനായാണ് പരാതിക്കാരുടെ സ്ഥലം ഏറ്റെടുത്തത്. ഇവിടെ മാലിന്യം നിക്ഷേപിക്കുമ്പോൾ ബാക്കിയുള്ള സ്ഥലം ഉപയോഗ ശൂന്യമാകുമെന്നും കളക്‌ടർ കണ്ടെത്തിയിരുന്നു.

സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്, വയനാട് ജില്ലകളിൽ പൊതുജനങ്ങളിൽനിന്ന് തെളിവെടുപ്പ് നടത്തിയപ്പോൾ കോഴിക്കോട്ടുനിന്ന് ചില പരാതികളുണ്ടായി. വയനാട്ടിൽ പരാതിയൊന്നും ഉയർന്നില്ലെന്നാണ് കൊങ്കൺ അധികൃതർ പറയുന്നത്. തുരങ്കപാതയുടെ ചുമതല കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് വയനാട്ടിലെത്താനുള്ള എളുപ്പമാർഗമാണ് പുതിയ പാത.

ടണൽ തുടങ്ങുന്ന ആനക്കാംപൊയിൽ ഭാഗത്ത് തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 7.6586 ഹെക്ടർ ഭൂമിയും അവസാനിക്കുന്ന മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി, മേപ്പാടി വില്ലേജുകളിലായി 4.8238 ഹെക്ട‌ർ ഭൂമിയുമാണ് സർക്കാർ ഏറ്റെടുക്കുന്നത്. പതിനൊന്ന് ഹെക്ടറോളം സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്. നിർമാണത്തിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

ടെൻഡർ സമർപ്പിക്കാൻ കഴിഞ്ഞദിവസം രണ്ടാഴ്ച‌കൂടി സമയം നീട്ടിനൽകിയിട്ടുണ്ട്. എന്നാൽ, സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉള്ള വിവരം ആളുകളിൽനിന്ന് സർക്കാർ മറച്ചുവെക്കുകയാണെന്നാണ് ആക്ഷേപം.

ലാൻഡ് അക്വിസിഷൻ റൂൾ 2013 പ്രാകാരമാണ് നഷ്ടപരിഹാരത്തുക നൽകുന്നത്. 45 പേർക്കായി 36.5 കോടി രൂപയാണ് നൽകുക. 43 പേർക്ക് 30.4 കോടി രൂപ നഷ്‌ടപരിഹാരത്തുക കൊടുത്തുകഴിഞ്ഞു. പരാതിക്കാർക്കാണ് ഇനി നൽകാനുള്ളത്.


തുരങ്കനിർമാണത്തിനിടെ ഉണ്ടാകുന്ന മണ്ണ് നിക്ഷേപിക്കുന്നതിനായാണ് പരാതിക്കാരുടെ സ്ഥലം ഏറ്റെടുത്തത്. തുരങ്കത്തിന്റെ നിർമാണം ആരംഭിക്കുന്നതിന് സ്റ്റേ പ്രശ്‌നമില്ല. തുരങ്കനിർമാണം ആരംഭിക്കുമ്പോഴേക്കും സ്റ്റേ നീക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ട‌ർ രഞ്ജിത്ത് പറഞ്ഞു

Post a Comment

0 Comments