പോസ്റ്റ്മോർട്ടം പൂർത്തിയായി; റിഫയുടെ മൃതദേഹം വീണ്ടു കബറടക്കി


ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച വ്ലോഗർ‌ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീണ്ടും കബറടക്കി. ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം പാവണ്ടൂരിലേക്കു കൊണ്ടുപോയി കബറടക്കുകയായിരുന്നു. ഫൊറൻസിക് വിഭാഗം മേധാവി ഡോ.ലിസ ജോണിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

പാവണ്ടൂർ ജുമാ മസ്ജിദിന്റെ കബർസ്ഥാനിൽ കബറടക്കിയ റിഫയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തത്. പൊലീസ്, റവന്യു, ഫൊറൻസിക് സംഘങ്ങൾ കബറടക്കിയ സ്ഥലത്തെത്തിയാണു മൃതദേഹം പുറത്തെടുത്തത്. നീതി കിട്ടുമെന്നാണു പ്രതീക്ഷയെന്ന് റിഫയുടെ പിതാവ് പറഞ്ഞു.

മാർച്ച് ഒന്നിനു പുലർച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ തൂങ്ങി‌മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കുകയായിരുന്നു. റിഫയുടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. താമസ സ്ഥലത്തുവച്ച് ഭർത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്.

മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപു വരെ റിഫ സന്തോഷവതിയായിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു. വീട്ടുകാരുമായി അര മണിക്കൂറോളം വിഡിയോ കോൾ ചെയ്തപ്പോഴും സന്തോഷവതിയായിരുന്നു. ജീവിതത്തിൽ പതറരുതെന്നു നിർബന്ധമുള്ള റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ദുബായിൽ പോസ്റ്റ്മോർട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനിച്ചത്.

Post a Comment

0 Comments