നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. ധർമജൻ അടങ്ങുന്ന സംഘം നടത്തുന്ന ധർമൂസ് ഫിഷ് ഹബിൻ്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. ധർമജനടക്കം 11 പേരെ പ്രതിയാക്കിയാണ് കൊച്ചി സെൻട്രൽ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. ധർമജനാണ് കേസിൽ ഒന്നാം പ്രതി. കോതമംഗലം സ്വദേശിയായ ആർ. ആസിഫലിയാണ് കേസിലെ പരാതിക്കാരൻ.
2019 നവംബറിലാണ് പരാതിക്ക് ആധാരമായ സംഭവങ്ങൾ നടക്കുന്നത്. ധർമജൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ധർമൂസ് ഷിഫ് ഹബ് എന്ന മത്സ്യവിൽപന സ്ഥാപനത്തിന് കേരളത്തിൽ പലയിടത്തും ബ്രാഞ്ചുകളുണ്ട്. ഈ രീതിയിൽ കോതമംഗലത്ത് ഒരു ഫ്രാഞ്ചൈസി തുടങ്ങാനായാണ് പരാതിക്കാരൻ ലക്ഷ്യമിട്ടത്. ഇതിനായി 43 ലക്ഷം രൂപ കേസിലെ പ്രതികൾക്ക് പലപ്പോഴായി നൽകിയെന്ന് പരാതിക്കാരൻ പറയുന്നു. 2019 നവംബറിൽകരാർ ഒപ്പിട്ട ശേഷം തുടർന്നുള്ള ആറു മാസത്തോളം കോതമംഗലത്തേക്ക് മീനുകൾ കൃത്യമായി എത്തിച്ചു. എന്നാൽ 2020 മാർച്ച് മുതൽ കരാർ വ്യവസ്ഥകൾ ലംഘിച്ച് വിതരണം നിർത്തിയെന്നാണ് പരാതി.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ധർമജനെതിരെ പരാതിയുമായി കോതമംഗലം സ്വദേശി കോടതിയെ സമീപിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് കോടതി ധർമനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ഐപിസി 406,402,32 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണം ആരംഭഘട്ടത്തിലാണെന്നാണ് പൊലീസ് പറയുന്നത്.
0 Comments