സ്‌കൂളുകൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കും- മന്ത്രി വി. ശിവൻകുട്ടി-സ്‌പെഷ്യൽ കെയർ സെന്റർ, ടിങ്കറിങ് ലാബുകൾ ഉദ്ഘാടനം ചെയ്തു

സ്‌കൂളുകൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കുമെന്നും ഇതിനായി പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സ്‌പെഷ്യൽ കെയർ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനവും ടിങ്കറിങ് ലാബുകളുടെ ജില്ലാതല ഉദ്ഘാടനവും ചാത്തമംഗലം ആർ.ഇ.സി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. എസ്.എസ്.എൽ.സി പരീക്ഷാ ഫലം ജൂൺ 15നകം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്ത് പഠിക്കുന്ന 47 ലക്ഷം വിദ്യാർഥികൾക്കും ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ സർക്കാർ സജ്ജമാണ്. സംസ്ഥാനത്തെ 9,58,060 വിദ്യാർഥികൾക്ക് യൂണിഫോം സൗജന്യമായി വിതരണം ചെയ്യാൻ 120 കോടി രൂപയാണ് ചെലവഴിക്കുക. മികച്ച സൗകര്യമുള്ള സ്‌പെഷ്യൽ കെയർ സെന്റർ ഒരുക്കിയ വിദ്യാലയങ്ങളിൽ ഒന്നാണ് ആർ.ഇ.സി സ്‌കൂളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സമഗ്ര ശിക്ഷാ കേരളവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും കുട്ടികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനവും ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റോബോട്ടിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സമൂഹനന്മക്കായി പുതിയ ഉപകരണങ്ങൾ രൂപകൽപന ചെയ്യാനും ക്ലാസ് റൂം പഠനത്തിനപ്പുറം കുട്ടികളുടെ അധിക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഉതകുന്നതാണ് ടിങ്കറിംഗ് ലാബുകൾ.

ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ റഹീം എം.എൽ. എ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.വൈ. ഷൂജ പദ്ധതി വിശദീകരണം നടത്തി.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുഷമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവദാസൻ നായർ, പഞ്ചായത്ത് അംഗം സബിത സുരേഷ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം നന്ദി പറഞ്ഞു.

Post a Comment

0 Comments