മാതൃസഹോദരന്റെ വെട്ടേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു


തിരുവനന്തപുരം വര്‍ക്കലയില്‍ മാതൃസഹോദരന്റെ വെട്ടേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് (37) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷാലു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഷാലുവിന്റെ മാതൃസഹോദരൻ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിൽ (47) ആണ് ആക്രമിച്ചത്. അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന ഷാലു, വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങുമ്പോഴാണ് അനിൽ തടഞ്ഞുനിർത്തി വെട്ടിയത്. ഷാലുവിന്റെ മക്കൾ നോക്കിനിൽക്കേയാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് വിവരം. വെൽഡിങ് ജോലി ചെയ്യുന്ന അനിൽ ഏറെ നാളായി ഗോവയിലായിരുന്നു. ഒന്നരമാസം മുൻപാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.

ഷാലുവിന്റെ വീടിന്റെ തൊട്ടടുത്താണ് അനിലിന്റെ താമസം. ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയിൽ കത്തിയുമായിനിന്ന് മരത്തിൽ വെട്ടിക്കൊണ്ടു നിൽക്കുകയായിരുന്നു അനിൽ. ഇതിനിടെ ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്കു പോകാൻ എത്തിയ ഷാലുവിന്റെ സ്കൂട്ടർ തടഞ്ഞുനിർത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണശേഷം അനിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഷാലുവിനെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുക്കളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അനിലിനെ കീഴടക്കിയ ശേഷമാണ് ഷാലുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷാലുവിന്റെ ഭർത്താവ് സജീവ് വിദേശത്താണ്. ഒൻപത്, പന്ത്രണ്ട് വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.

Post a Comment

0 Comments