കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ചു വിഷബാധയേറ്റ് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരൻ ഉള്ളാളിലെ അനസ് എന്നിവരെ അറസ്റ്റ് ചെയ്തു. കടയുടമ വിദേശത്താണെന്ന് പൊലീസ് പറഞ്ഞു. മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
കരിവെള്ളൂർ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപം പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകൾ ഇ.വി.ദേവനന്ദ (16) ആണു മരിച്ചത്. കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. പിലിക്കോട് മട്ടലായിയിലെ ബന്ധുവീട്ടിലായിരുന്നു താമസം.
കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ കൂൾബാറിൽ നിന്നു ദേവനന്ദ സുഹൃത്തുക്കൾക്കൊപ്പം ഷവർമ കഴിച്ചിരുന്നു. ഇന്നലെ രാവിലെ ഇവരിൽ പലർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. ഇവരെ ചെറുവത്തൂർ ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ദേവനന്ദയെ രക്ഷിക്കാനായില്ല.
കുട്ടികൾ ഷവർമ കഴിച്ച കടയിൽ തൃക്കരിപ്പൂർ ഭക്ഷ്യ സുരക്ഷാ ഓഫിസർ കെ.സുജയൻ, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്പർവൈസർ എം.കുഞ്ഞിക്കൃഷ്ണൻ എന്നിവർ ചേർന്നു പരിശോധന നടത്തി. ഷവർമയുടെ സാംപിൾ ശേഖരിച്ച് സ്ഥാപനം സീൽ ചെയ്തു. കടയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസില്ലെന്നു കണ്ടെത്തി.പ്രതിഷേധവുമായി തടിച്ചു കൂടിയ ജനത്തെ കൂടുതൽ പൊലീസെത്തിയാണു പിരിച്ചുവിട്ടത്. കടയ്ക്കു നേരെ വൈകിട്ടോടെ കല്ലേറുണ്ടായി. സന്ധ്യയോടെ പൊലീസ് ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്കു നിർദേശം നൽകി. ഭക്ഷ്യ വിഷബാധയേറ്റവർക്കു മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർക്കും നിർദേശം നൽകി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ സംസ്ഥാന വ്യാപകമായ പരിശോധന നടത്തുമെന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സന്ദർശിച്ച മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.
0 Comments