ജോർജ് എം തോമസിന് DYFI യുടെ തിരുത്ത്; ലവ് ജിഹാദ് ഒരു നിർമ്മിത കള്ളം


ഡിവൈഎഫ്ഐ നേതാവ് ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണെന്ന് ഡി.വൈ.എഫ്.ഐ.

പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീർത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാടെന്ന് ഡി.വൈ.എഫ്.ഐ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ സെക്കുലർ മാട്രിമോണി വെബ് സൈറ്റ്‍ തുടങ്ങുകയും മതേതര വിവാഹങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ.

കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗമെന്നും കുറിപ്പില്‍ പറയുന്നു.

ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണെന്നും സ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണമെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.

കലയിലും രാഷ്രീയത്തിലും ജീവിതത്തിന്‍റെ സമസ്ത മേഖലയിലും മതതീവ്രവാദം പിടി മുറുക്കാൻ ശ്രമിക്കുന്ന കാലത്ത് ഷെജിനും ജോയ്‌സ്നയും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയാണെന്നും ഇരുവർക്കും പാര്‍ട്ടി എല്ലാവിധ പിന്തുണയും നൽകുമെന്നും ഡി.വൈ.എഫ് ഐ അറിയിച്ചു.

Post a Comment

0 Comments