നടൻ സലിം ഘൗസ് അന്തരിച്ചു


'താഴ്‌‌വാര'ത്തിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച സിനിമ, ടിവി നടൻ സലിം ഘൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു മുംബൈയിൽ വച്ചായിരുന്നു അന്ത്യം.

1990ല്‍ ഭരതന്റെ മലയാളം ക്ലാസിക് ചിത്രം താഴ്‌വാരത്തില്‍ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രവുമായി മോഹന്‍ലാലിനൊപ്പം മത്സരിച്ചഭിനയിച്ചതോടൊണ് സലിം മലയാളികൾക്കും പ്രിയങ്കരനായത്. ഭദ്രൻ സംവിധാനം ചെയ്ത ഉടയോന്‍ എന്ന സിനിമയിലും വേഷമിട്ടു. 

പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം 'വെട്രിവിഴ' എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി തിളങ്ങി. നിരവധി ബോളിവുഡ് സിനിമകളിലും അഭിനയിച്ചു.

സലിമിന്‍റെ ഭാര്യ അനീറ്റ സലിമാണ് മരണം സ്ഥിരീകരിച്ചത്. 'ബുധനാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന് അധികമൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല. മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥയും അദ്ദേഹത്തിനുണ്ടായിട്ടില്ല. ആത്മാഭിമാനമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. 

പലമുഖങ്ങളുള്ള ഒരു നടനാണ്. ആയോധന കലാകാരൻ, നടൻ, സംവിധായകൻ, നല്ലൊരു പാചകക്കാരൻ... എല്ലാമായിരുന്നു അദ്ദേഹം' – അനീറ്റ പറഞ്ഞു.

Post a Comment

0 Comments