തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു


പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺ പോൾ(72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. വിവിധ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് മൂന്ന് മാസത്തോളമായി ചികിത്സയിലായിരുന്നു.

സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് സിനിമയിൽ സജീവമായപ്പോൾ ജോലി വിട്ടു.ഭാര്യ. ഐഷ എലിസബത്ത്. മകൾ ജിഷ ജിബി.

നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്. സൈറാബാനു, ഗ്യാങ്സ്റ്റർ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ആരോരുമറിയാതെ, ഉത്സവപ്പിറ്റേന്ന്, അവിടത്തെപ്പോലെ ഇവിടെയും, കാതോട് കാതോരം, സന്ധ്യമയങ്ങുംനേരം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് തിരക്കഥ ജോൺപോൾ നിർവഹിച്ചു.


Post a Comment

0 Comments