ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി. ഇടക്കാല ഉത്തരവൊന്നും ഇല്ലാതെയാണ് ഹര്‍ജി മാറ്റിയത്. മെയ് 16നാണ് കോടതിയുടെ വേനലവധി അവസാനിക്കുക.പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ് ലക്ഷ്യമിട്ടാണ് പരാതി നൽകിയതെന്നും വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. താൻ ഏതെങ്കിലും തരത്തിൽ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി. സംഭവത്തിന്റെ സത്യാവസ്ഥ കോടതിയെയും അന്വേഷണസംഘത്തെയും ബോധ്യപ്പെടുത്താൻ സാധിക്കുമെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.
സമൂഹത്തിലെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളിൽ കുടുക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. നിരപരാധിത്വം തെളിയിക്കാൻ സഹായിക്കുന്ന വാട്സാപ്പ് ചാറ്റുകൾ, മെസേജുകൾ, വീഡിയോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ തന്റെ കൈവശമുണ്ട്. അന്വേഷണവുമായി സഹകരിക്കാമെന്നും തന്നെ പൊലീസ് കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്നും ജാമ്യാപേക്ഷയിൽ വിജയ് ബാബു പറയുന്നു.
0 Comments