മർദ്ദനമേറ്റ യുവാവ് മരിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ


ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ തല്ലിക്കൊന്നു. പാലക്കാട് കണ്ണിയങ്കാട് മുസ്തഫയുടെ മകന്‍ റഫീക്ക് (27) ആണു മരിച്ചത്.സംഭവത്തില്‍ 3 പേരെ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലത്തൂര്‍ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍, പല്ലശ്ശന സ്വദേശി സൂര്യ എന്നിവരാണ് അറസ്റ്റിലായത്.

ഇന്നു പുലര്‍ച്ചെ 1.45ന് ഒലവക്കോട് ജംക്‌ഷനിലാണു സംഭവം നടന്നത്. കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ റഫീക്കിനെ മര്‍ദിച്ചതെന്നു പോലീസ് പറഞ്ഞു. റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. മരിച്ച റഫീക്ക് നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ പ്രതികളുണ്ടെന്നു പോലീസ് സംശയിക്കുന്നു. ഒലവക്കോട്ടെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

Post a Comment

0 Comments