സുബൈര്‍ വധം: പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നെന്ന് സൂചന


പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം എന്നനിലയിലാണ് അന്വേഷിക്കുന്നതെന്ന് പാലക്കാട് എസ്‍പി. ആര്‍എസ്എസിന് രാഷ്ട്രീയ വൈരാഗ്യമെന്ന് കൊല്ലപ്പെട്ട സുബൈറിന്‍റെ അച്ഛന്‍ മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ രാഷ്ട്രീയ കൊലപാതകമാണോയെന്നതില്‍ വ്യക്തത വരും. അക്രമികള്‍ ബൈക്കിടിക്കാന്‍ ഉപയോഗിച്ചത് സഞ്ജിത്തിന്‍റെ കാര്‍ തന്നെയാണെന്നും പാലക്കാട് എസ്‍പി സ്ഥിരീകരിച്ചു. അതേസമയം പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന.

ഇന്ന് ഉച്ചയോടെ പാലക്കാട് എലപ്പുള്ളിയില്‍ വെച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്‍റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്.

സുബൈറിന്‍റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. കെ എൽ 11 എ ആർ 641 എന്ന നമ്പറിലുള്ള ഇയോൺ കാർ ഉപയോഗിച്ചാണ് സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികൾ ഇടിച്ചുവീഴ്ത്തിയത്. പിന്നീട് ഈ കാർ പ്രതികൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്ന് പൊലീസ് പരിശോധനയില്‍ കണ്ടെത്തി.


Post a Comment

0 Comments