കുട്ടികൾക്കും നവജാതശിശുക്കൾക്കും കരുതലായി ആരോഗ്യവകുപ്പ്


കോവിഡ് പ്രതിസന്ധിയിലും പതറാതെ ആരോഗ്യ രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ല. കുഞ്ഞുങ്ങൾക്കും നവജാതശിശുക്കൾക്കും കരുതലായി നിരവധി പദ്ധതികളാണ് ആരോഗ്യകേരളത്തിനുകീഴിൽ ജില്ലയിൽ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലാദ്യമായി നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി നിയോക്രാഡിൽ പദ്ധതി നടപ്പാക്കി.നവജാത ശിശുക്കൾക്ക് ഉണ്ടാകാവുന്ന ശരീരോഷ്മാവ് കുറയുക, രക്തത്തിലെ ഗ്ലൂക്കോസ് കുറയുക, ഓക്സിജൻ കുറയുക എന്നീ സാഹചര്യങ്ങളിൽ പദ്ധതി പ്രകാരം അത്യാധുനിക സംവിധാനമുള്ള ആംബുലൻസിൽ പരിചരണം ലഭ്യമാക്കുന്നു. പ്രസവം നടക്കുന്ന ആശുപത്രികളിലെ സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിന് പ്രത്യേകം വെബ്സൈറ്റ് ആരംഭിച്ചു. neocradle.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സ്റ്റാഫുകൾക്ക് ഇതിനായി വിദഗ്ധ പരിശീലനം നൽകി വരുന്നു. ആരോഗ്യ രംഗത്തെ വിദഗ്ധരുടെ ലേഖനങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളത്തിൽ ആരോഗ്യ വകുപ്പ് നടപ്പാക്കിയ മറ്റൊരു മാതൃകാപരമായ പദ്ധതിയാണ് മുലപ്പാൽ ബാങ്ക്. കോഴിക്കോട് മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തിലാണ് മുലപ്പാൽ ബാങ്ക് പ്രവർത്തനമാരംഭിച്ചത്. കോംപ്രിഹെൻസീവ് ലാക്‌റ്റേഷൻ മാനേജ്‌മെന്റ് സെന്റർ അഥവാ മുലപ്പാൽ ബാങ്ക് എന്ന ആശയം ആരോഗ്യരംഗത്തു വൻ മുന്നേറ്റമുണ്ടാക്കി. അമ്മയുടെ രോഗാവസ്ഥ/ മരണം, പാൽ ഉദ്പാദനം കുറയുക, കുഞ്ഞിന് മുലപ്പാൽ വലിച്ചുകുടിക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിൽ പൂർണമായും അണുവിമുക്തമാക്കിയ പാസ്ചുറൈസ്ഡ് ഡോണർ ഹ്യൂമൻ മിൽക്ക് മുലപ്പാൽ ബാങ്കിലൂടെ ലഭ്യമാവുന്നു.

ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതി വകുപ്പ് നടപ്പാക്കി.18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് hridyam.kerala.gov.in എന്ന വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാം. പദ്ധതിയിലൂടെ ഇതിനകം നിരവധി കുഞ്ഞുങ്ങൾക്ക് ചികിത്സ ലഭ്യമാക്കി. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും സമ്പൂർണ ആരോഗ്യം ഉറപ്പു വരുത്തുന്നതിനായി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

Post a Comment

0 Comments