പൊതു ഗതാഗതത്തിന് പുതുയുഗം എന്ന ആശയത്തോടെ കെഎസ്ആർടിസി- സ്വിഫ്റ്റ് സർവ്വീസ് ഇന്ന് മുതൽ സർവ്വീസ് ആരംഭിക്കും. വൈകുന്നേരം 5.30 മണിക്ക് തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവ്വീസിന് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് സർവ്വീസ് ആരംഭിക്കും.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം നിർവ്വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനവും, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ കെഎസ്ആർടിസി - സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസർവേഷൻ ചെയ്തവർക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിർവ്വഹിക്കും. ഡോ. ശശി തരൂർ എം.പിയും, മേയർ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും.
ആദ്യ സർവ്വീസുകളിൽ ഓൺലൈനിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി- സിഫ്റ്റ് നൽകുന്ന മടക്കയാത്രയുടെ സൗജന്യ ടിക്കറ്റ് ലഭിച്ച ഗജരാജയുടെ യാത്രക്കാരായ ജോസഫ് സ്കറിയ, അരുൺ.എം, അനൂബ് ജോർജ്, അരുൺ എം എന്നിവർക്ക് മടക്ക ടിക്കറ്റിനുള്ള സൗജന്യ കൂപ്പൻ സമ്മാനിക്കും.
5.30 മണി മുതൽ ബാഗ്ലൂരിലേക്കുള്ള എ.സി. വോൾവോയുടെ നാല് സ്ലീപ്പർ സർവ്വീസുകളും, 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവ്വീസുകളുമാണ് ആദ്യ ദിനം നടത്തുക.
0 Comments