അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹാ


യേശുക്രിസ്തു വിനയത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാതൃക കാണിച്ചു നൽകിയ അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ രാവിലെ പ്രത്യേക പ്രാർത്ഥനകളും കാലുകഴുകൽ ശുശ്രൂഷയും നടക്കും.

കുരിശു മരണത്തിന് മുമ്പ് യേശു തന്റെ ശിഷ്യമാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിൻ്റെ ഓര്‍മ പുതുക്കൽ കൂടിയായാണ് പുതിയ നിയമത്തിലെ പെസഹ ക്രൈസ്തവർ അചരിക്കുന്നത്.

കടന്നുപോകല്‍’ എന്നാണ് പെസഹ എന്ന വാക്കിന് പിന്നിലെ അർത്ഥം. ലോകത്തിന്റെ സകല പാപങ്ങളുടേയും മോചനത്തിനായി തന്റെ തിരു ശരീര രക്തങ്ങള്‍ നല്‍കിയ മിശിഹ അന്ത്യ അത്താഴസമയത്ത് അപ്പമെടുത്തു വാഴ്ത്തി ശിഷ്യന്മാർക്ക് നൽകി കൊണ്ട് ഇത് നിങ്ങള്‍ക്കുവേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു എൻ്റെ ഓര്‍മ്മയ്ക്കായി നിങ്ങൾ ഇത് വാങ്ങി ഭക്ഷിപ്പിന്‍’ എന്ന് പറഞ്ഞതായാണ് വിശ്വാസം.

ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ് എന്നതിനാൽ ക്രൈസ്തവരെ സംബന്ധിച്ച് ഇത് വിശ്വാസത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസം കൂടിയാണ്. അതോടൊപ്പം യേശു അന്ത്യ അത്താഴ വേളയിൽ തൻ്റെ ശിഷ്യന്‍മാരുടെ കാല്‍ കഴുകി പരിചരിച്ചതിനേ അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷകളും നടക്കും.

തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന രീതിയിലാണ് പള്ളികളിൽ ചടങ്ങ് നടക്കുക. പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകുന്നേരം വീടുകളിൽ നടക്കും.

Post a Comment

0 Comments