ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; അച്ഛനും മകളും മരിച്ചു


വെല്ലൂർ: ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ച് തമിഴ്നാട്ടിൽ അച്ഛനും മകളും മരിച്ചു. തമിഴ്നാട് വെല്ലൂരിലാണു ദുരന്തം ഉണ്ടായത്. വീട്ടുവരാന്തയിൽ ചാർജ് ചെയ്യാൻ വച്ച ഇലക്ട്രിക് സ്കൂട്ടർ രാത്രി പൊട്ടിത്തെറിക്കുകയായിരുന്നു. വെല്ലൂർ ചിന്ന അല്ലാപുരം ബലരാമൻ മുതലിയാർ തെരുവിൽ സ്റ്റുഡിയോ നടത്തുന്ന ദുരൈവർമ, മകൾ മോഹനപ്രീതി എന്നിവരാണു മരിച്ചത്.

പോലൂർ സർക്കാർ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മോഹനപ്രീതി. വീടിന്റെ വരാന്തയിൽ പുതിയതായി വാങ്ങിയ ഇലക്ട്രിക് സ്കൂട്ടർ ചാർജു ചെയ്യാനായി വച്ചിരുന്നു. പുലർച്ചെയോടെ സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു തീ പടർന്നു. സമീപമുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനത്തിനും തീപിടിച്ചു. വീട്ടിലേക്കു തീ പടർന്നതോടെ പുറത്തുകടക്കാനാകാതെ ശുചിമുറിയിൽ അഭയം തേടിയ അച്ഛനും മകളും ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. വെല്ലൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

Post a Comment

0 Comments