വൃക്കയെ സൂക്ഷിക്കാം ആരോഗ്യത്തോടെ


എല്ലാ വർഷവും മാർച്ച്‌ മാസം രണ്ടാം വ്യഴാഴ്ച ലോക വൃക്ക ദിനമായി ആചരിക്കപ്പെടുന്നു. അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി, അന്താരാഷ്ട്ര കിഡ്നി ഫൌണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്. ലോക കിഡ്നി ദിനമായ ഇന്ന് വൃക്കകളുടെ ആരോഗ്യത്തിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കിയാലോ..

കിഡ്‌നി ശരീരത്തിൻ്റെ അരിപ്പയാണെന്ന് അറിയപ്പെടുന്നു. ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ നീക്കിക്കളയുന്ന കര്‍മം ചെയ്യുന്ന ഒന്നാണിത്. അതിനാല്‍ തന്നെ വൃക്കയുടെ ആരോഗ്യം പ്രധാനമാണ്. വൃക്ക തകരാറിലായാല്‍ ശരീരത്തിലെ മറ്റ് പല അവയവങ്ങളേയും ഇത് ദോഷകരമായി ബാധിക്കും. വൃക്കയുടെ ആരോഗ്യം നിലനിർത്താന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പതിവായി 8-10 ഗ്ലാസ് വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ അനേകമാണ്. കൂടാതെ, ഈ ശീലം നിങ്ങളുടെ വൃക്കകളെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. ഇത് വൃക്കയിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്യാനും വൃക്ക സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു

ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും പൂർണ്ണ കാര്യക്ഷമതയിലും ഊർജ്ജ നിലയിലും പ്രവർത്തിക്കുവാൻ സഹായിക്കുന്നു. മെച്ചപ്പെട്ട വൃക്ക ആരോഗ്യത്തിനായി സോഡിയം കുറവുള്ള ഭക്ഷണമാണ് നിങ്ങൾ കഴിക്കുന്നതെന്ന് ഉറപ്പാക്കുക. മുട്ടയുടെ വെള്ള, ബ്ലൂബെറി, മത്സ്യം, ധാന്യങ്ങൾ, കോളിഫ്ളവർ എന്നിവയാണ് ഇതിനുള്ള മികച്ച തിരഞ്ഞെടുപ്പുകൾ. 

വ്യായാമം ചെയ്യുക, ശരിയായ സ്ഥിരതയോടെ നിങ്ങൾ ഇത് ദീർഘകാലത്തേക്ക് പിന്തുടരുന്നുവെന്ന് ഉറപ്പാക്കുക. ആരോഗ്യകരമായ വൃക്ക നിലനിർത്തുന്നതിന് യോഗ ഒരു നല്ല വ്യായാമ മാർഗ്ഗമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമാകുന്നത് നിങ്ങളുടെ വൃക്കകൾക്ക് ഒരിക്കലും നല്ലതല്ല. കാരണം, ഈ അവസ്ഥയിൽ നിങ്ങളുടെ വൃക്കകൾ കൂടുതൽ കഠിനമായി പ്രവർത്തിക്കും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വൃക്ക തകരാറിലാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിച്ച് അവയെ നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുക. ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ വൃക്കയ്ക്ക് ഗുരുതരമായ പ്രശ്‌നമുണ്ടാക്കുകയും വൃക്ക തകരാറിലാകുകയും ചെയ്യും. നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദം നേരിടുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിച്ച് ശരിയായ ചികിത്സതേടുക.

പുകവലി വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കുറഞ്ഞ അളവിൽ രക്തം വൃക്കയിൽ എത്തുമ്പോൾ, അത് സാധാരണ രീതിയിൽ പ്രവർത്തിക്കാനുള്ള വൃക്കയുടെ കഴിവ് കുറയ്ക്കും. പുകവലിയും മദ്യപാനവുമല്ലൊം വൃക്കയില്‍ കൂടുതല്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നതിന് കാരണമാകും. ഇതിനാല്‍ തന്നെ ഇത്തരം ശീലങ്ങള്‍ മാറ്റി നിര്‍ത്തുക.

Post a Comment

0 Comments