മണിയുടെ ഓർമ്മകൾക്ക് ഇന്ന് ആറാണ്ട്


മലയാളികളുടെ പ്രിയപ്പെട്ട 'മണിച്ചേട്ടൻ' ഓർമ്മയായിട്ട് ഇന്ന് ആറ് വര്‍ഷം. ചിരിപ്പിച്ചും കരയിച്ചും മലയാളികളുടെ മനസില്‍ ഇടം പിടിച്ച മണി നാടന്‍ പാട്ടിനെ ജനകീയമാക്കി. എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്രതിഭാശാലിയായ കലാകാരനായിരുന്നു അദ്ദേഹം.

ഹാസ്യകഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകര്‍ മണിയെ തേടിയെത്തി. ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളില്‍ സീരിയസ് വേഷമായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ മണി നായകനായി.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മണി പ്രേക്ഷകരെ കൈയിലെടുത്തു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തത നിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയങ്കരനായി.

നാടന്‍ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. ഒരുപാട് സിനിമകളിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ദേശീയ പുരസ്‌കാരം മുതലിങ്ങോട്ട് നിരവധി അവാര്‍ഡുകളും മണിയെ തേടിയെത്തി.

Post a Comment

0 Comments