മലയാളികളുടെ കിളികൊഞ്ചലിന് ഇന്ന് പിറന്നാൾ !


ബേബി സുജാതയായി മലയാള സിനിമയുടെ ശബ്ദമായി തുടങ്ങി മലയാളികളുടെ കിളി കൊഞ്ചലായി മാറിയ മഹാ ഗായിക സുജാത മോഹന് മലയാളികളുടെ സ്വന്തം സുജാത ചേച്ചിയ്ക്ക് ഇന്ന് പിറന്നാൾ. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി ശുദ്ധ സംഗീതമായി മലയാള സിനിമയിൽ ഒഴുകുന്നു. ഇന്നും മലയാളികൾ മൂളുന്ന ഓരോ പാട്ടുകളുടെയും ശബ്ദം സുജാതയുടേതാണ്. പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും മലയാളികൾക്ക് ആ സ്വര മാധുര്യം ലഹരിയായി മാറുകയാണ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും പാടി സംഗീത ആസ്വാദകരെ വിസ്മയിച്ച ഗായിക.

ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31നു കൊച്ചിയിലാണ് സുജാത ജനിച്ചത്. എട്ടാം വയസ്സിൽ കലാഭവനിൽനിന്ന് സംഗീതം അഭ്യസിച്ചു തുടങ്ങി. കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനആൽബങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു സുജാത. നെയ്യാറ്റിൻകര വാസുദേവൻ, കല്യാണസുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച സുജാത ഒമ്പതാം വയസ്സുമുതൽ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചുവാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

1975–ൽ പുറത്തിറങ്ങിയ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിന് വേണ്ടി പാടിയാണ് സുജാത പിന്നണി ഗാനരംഗത്ത് എത്തുന്നത്. അതേ വർഷം കാമം ക്രോധം മോഹം എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടി. തുടർന്ന് കർപ്പൂര ദീപങ്ങൾ, ദൂരെ കിഴക്കുദിച്ചു, പൂവേ തുടങ്ങി സൂപ്പർ ഹിറ്റായ നിരവധി ഗാനങ്ങൾ.ഇളയരാജയുടെ സംഗീതത്തിൽ കവികുയിൽ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചേക്കേറിയ ഗായിക റോജയിലെ പുതുവെള്ളൈ മഴൈ എന്ന പാട്ടിലൂടെ സംഗീതലോകത്ത് സ്ഥാനം ഉറപ്പിച്ചു. പുതിയ മുഖം, ജെന്റിൽമാൻ, ഡ്യുയറ്റ്, കാതലൻ, പുതിയ മന്നർഗൾ, ബോംബെ, ഇന്ദിര, മുത്തു, ജീൻസ് തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് വേണ്ടി പാടിയിട്ടുണ്ട്. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമായി ഏകദേശം പതിനായിരത്തിലധികം ഗാനങ്ങൾ പാടിയ സുജാത, മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം നാല് തവണയും തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം മൂന്ന് തവണയും സ്വന്തമാക്കി. 

Post a Comment

0 Comments