പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ നടന്നു.


മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നടന്നു. പുലര്‍ച്ചെ 2.30ന് സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

പാതിരാത്രിയിലും തടിച്ചുകൂടിയ ജനക്കൂട്ടത്തിന്‍റെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മുതിര്‍ന്ന മുസ്ലീംലീഗ് നേതാക്കളും മതനേതാക്കളും കുടുംബാഗങ്ങളും ഖബറടക്കത്തില്‍ പങ്കെടുത്തു,

പിതാവ് പൂക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവർ അന്തിയുറങ്ങുന്ന പാണക്കാട് മഖാമിൽ സഹോദരൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും ഖബറുകൾക്ക് അരികിലാണ് ഹൈദരലി തങ്ങളുടെ അന്ത്യനിദ്ര. രാത്രി 12 വരെ മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനം തുടർന്ന ശേഷമായിരുന്നു ഖബറടക്കം.

നേരത്തെ വന്‍ ജനതിരക്ക് കാരണം മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഖബറടക്കം എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് മൃതദേഹം പാണക്കാട് കൊടപ്പനക്കൽ തറവാട്ടില്‍ എത്തിച്ച് പുലര്‍ച്ചെ ഒരു മണിയോടെ ശരീരം മറവ് ചെയ്യുമെന്ന് പാണക്കാട് കുടുംബം അറിയിക്കുകയായിരുന്നു. ഭൗതിക ശരീരം ഏറെനേരം വയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരം ഒരു തീരുമാനം എന്നാണ് കുടുംബാഗങ്ങള്‍ അറിയിച്ചത്. എങ്കിലും അവസാന നിമിഷത്തില്‍ എത്തിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യവും അനിയന്ത്രിതമായ തിരക്കും കാരണം ഖബറടക്കം രണ്ട് മണിക്ക് ശേഷമാണ് നടന്നത്.

അതേ സമയം പ്രമുഖരടക്കം ആയിരങ്ങൾ മലപ്പുറം ടൌൺ ഹാളിൽ പാണക്കാട് തങ്ങള്‍ക്ക് അന്തോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, എ.കെ ശശീന്ദ്രൻ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരം അർപ്പിച്ചു.

മുസ്ലീം ലീഗ് പ്രവർത്തകരടക്കം ആയിരക്കണക്കിന് പേരാണ് കിലോമീറ്ററുകളോളം ക്യൂവിൽ നിന്ന് ഹൈദരലി തങ്ങൾക്ക് അന്തിമോപചാരം അർപ്പിച്ചത്. ടൗൺ ഹാളിനുള്ളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മുസ്ലിം ലീഗ് സംസഥാന അധ്യക്ഷനേൻ ശ്രീ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതികശരീരം മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെയ്ക്കുന്ന സാഹചര്യത്തിലെ തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. മലപ്പുറം നഗരസഭയിലെ സ്കൂളുകളുടെ പ്രവൃത്തി സമയം നാളെ 12 മണി മുതൽ നാല് മണി വരെയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അങ്കമാലിയിലെ ആശുപത്രിയിൽ നിന്നും ആദ്യം പാണക്കാട് വസതിയിലേക്കാണ് ഭൗതിക ശരീരം എത്തിച്ചത്. കുടുംബാഗംങ്ങൾക്ക് മാത്രമാണ് ഇവിടെ ആദരമർപ്പിക്കാൻ സജ്ജീകരണമൊരുക്കിയിരുന്നത്. അതിന് ശേഷമാണ് ടൌൺഹാളിലേക്ക് എത്തിച്ചത്. അർബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു.

Post a Comment

0 Comments