കെ റെയിലിനായി കാത്തിരിക്കുന്നു; പ്രതിഷേധത്തിനെതിരെ ഒമർ ലുലു


സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം കടുക്കുകയാണ്. ഈ സാഹചര്യം നിലനിൽക്കെ ഇപ്പോൾ പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഇതാദ്യമായല്ല ഒമർ ലുലു സിൽവർ ലൈനിനു പിന്തുണയുമായി എത്തുന്നത്. നേരത്തെ കെ റെയിലിനെ പിന്തുണച്ച് സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം പോസ്റ്റ് പങ്കുവച്ചിരുന്നു. അന്നത്തെ പോസ്റ്റിനെതിരെ കനത്ത വിമർശനമാണ് ഒമറിനെതിരെ ഉയർന്നത്. എന്നാൽ ഈ അവസരത്തിൽ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഒമർ.

"ലോകത്ത്‌ ഏറ്റവും വിലപിടിച്ച കാര്യം സമയമാണ്. നഷ്ട്ടപ്പെട്ട സമയം ഒരിക്കലും നമുക്ക് തിരിച്ച്‌ കിട്ടുകയില്ല. നമ്മൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന റോഡും റെയിലും വിമാനത്താവളവും എല്ലാം ഇതു പോലെ പല ആളുകളുടെയും സ്ഥലമാണ്. യഥാർത്ഥത്തിൽ നമ്മുടേതെന്ന് പറയുന്ന ഭൂമി പോലും സർക്കാറിന്റെ ആണ്. അതുകൊണ്ടാണ് വർഷാവർഷം നമ്മൾ ലാന്റ്‌ ടാക്സ് അടയ്ക്കുന്നത്. നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിന് വേണ്ടി എല്ലാവരും ഒത്ത് ഒരുമിച്ച് പ്രവർത്തിക്കാം."

"ഇനി എനിക്ക്‌ നഷ്ടപ്പെടുമ്പോഴേ വേദന അറിയൂ എന്ന് പറയുന്നവരോട്, നെടുമ്പാശേരി വിമാനതാവളത്തിന് ഞങ്ങളുടെ സ്ഥലവും നഷ്ടപ്പെട്ടതാ, അതും അന്ന് ഭൂമിക്ക് തീരെ വിലയിലാതിരുന്ന സമയത്ത്. പക്ഷേ ഇന്ന് നോക്കുമ്പോൾ നെടുമ്പാശ്ശേരി എയർപ്പോർട്ട് കൊണ്ട്‌ ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂ." 

 "നല്ല ഒരു ബൈപാസ് റോഡ് പോലും കേരളവും കേന്ദ്രവും ഒന്നിച്ച് ഭരിച്ച സമയത്ത് കോൺഗ്രസ്സിന് നിർമ്മിക്കാൻ സാധിച്ചില്ല. ഇപ്പോൾ ബിജെപി ഭരിക്കുന്ന സമയത്ത് കെ റെയിൽ പദ്ധതിയുമായി നമ്മുടെ മുഖ്യൻ പിണറായി വിജയൻ മുന്നോട്ടു പോകുന്നുവെങ്കിൽ അത് അംഗീകരിക്കുക തന്നെ വേണം." ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പദ്ധതിക്കായി ഒമറിന്റെ സ്ഥലത്ത് കുറ്റിയടിക്കാൻ വന്നാൽ മിണ്ടാതിരിക്കുമോ എന്ന് ചോദിക്കുന്നവർക്കും മറുപടി നൽകുന്നുണ്ട് ഒമർ ലുലു.

"എന്റെ പുരയിടത്തിൽ കുറ്റിയടിക്കാൻ വന്നാലോയെന്ന് ചോദിക്കുന്ന ആളുകളോട്- നഷ്ടപരിഹാര തുക ഇപ്പോൾ കറക്ക്റ്റ് ആയി കിട്ടുന്നുണ്ട് എന്നാ അറിവ്. അങ്ങനെ കിട്ടിയാ നോ സീൻ. ഇപ്പോ ഉള്ള സ്ഥലത്തിലും കുറച്ച് കൂടി അധികം സ്ഥലം കിട്ടുന്ന, നല്ല വെള്ളവും വായുവും വെളിച്ചവും റോഡും കറന്റുമൊക്കെ കിട്ടുന്ന മറ്റൊരു സ്ഥലത്തേക്കു ഹാപ്പിയായി മാറും സുഖമായി ജീവിക്കും." ഒമർ പറയുന്നു.



 


Post a Comment

0 Comments