തൃശ്ശൂർ ചേർപ്പിൽ അനിയൻ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. കഴുത്ത് ഞെരിച്ച് കൊന്നുവെന്നായിരുന്നു പ്രതിയുടെ മൊഴി. മരിച്ച ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ജീവനോടെയാണ് കുഴിച്ചുമൂടിയതെന്ന് കണ്ടെത്തിയത്. ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി. തലയിൽ ആഴത്തിലുള്ള മുറിവുമുണ്ട്.
സഹോദരന്റെ മൃതദേഹം കുഴിച്ചുമൂടാന്‍ സഹായിച്ചത്, അമ്മയാണെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. ചേര്‍പ്പ് മുത്തുള്ളി സ്വദേശി കെ.ജെ ബാബുവാണ് കൊല്ലപ്പെട്ടത്. ബാബു മദ്യപിച്ച് ബഹളം വെച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മാര്‍ച്ച് 19ന് അര്‍ദ്ധരാത്രിയിലാണ് സംഭവം നടക്കുന്നത്. കൊലയ്ക്ക് ശേഷം, മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച്, രണ്ട് ദിവസം മുന്‍പ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
0 Comments