ഇന്ന് മാർച്ച് എട്ട്. അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ അംഗീകരിക്കുന്നതിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്.നാനാതുറകളിലുമുള്ള സ്ത്രീകൾ സ്വന്തമാക്കിയ നേട്ടങ്ങൾ ഈ ദിനം പ്രശംസിക്കപ്പെടും.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ദിവസം.ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്.
അന്താരാഷ്ട്ര വനിതാ ദിനത്തിന് പറയാനും ഒരു ചരിത്രമുണ്ട്. ന്യൂയോര്‍ക്കില്‍ 1908ല്‍ നടന്ന തൊഴിലാളി സമരത്തില്‍ നിന്നാണ് ഇങ്ങനൊരു ദിനത്തിന്റെ തുടക്കം. നെയ്ത്ത് വ്യവസായ ശാലകളിലെ ആയിരക്കണക്കിന് വനിതാ തൊഴിലാളികളാണ് അന്ന് തെരുവിലിറങ്ങിയത്. പ്രവര്‍ത്തി സമയം കുറയ്ക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. താങ്ങാവുന്നതില്‍ അധികം സമയം ജോലിയെടുത്ത് ഇവര്‍ ഒടുവില്‍ പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അത് മാത്രമല്ല വേതനം വര്‍ധിപ്പിക്കുക, വോട്ടവകാശം നല്‍കുക എന്നതും ഇവരുടെ പ്രധാന ആവശ്യമായിരുന്നു. ഇതിനടുത്ത വര്‍ഷമാണ് ദേശീയ വനിതാ ദിനം അമേരിക്കയില്‍ ആദ്യമായി ആഘോഷിച്ചത്.
1910ല്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഓഫ് വര്‍ക്കിംഗ് വുമണ്‍ പിന്നീട് ഇത് ആഗോള തലത്തില്‍ ആഘോഷിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ജര്‍മന്‍ ക്യാമ്പയിനറും സോഷ്യലിസ്റ്റുമായ ക്ലാര സെറ്റ്കിനാണ് ഇത്തരമൊരു ദിനം ആഘോഷിക്കാന്‍ മുന്നില്‍ നിന്നത്. 1917ല്‍ സ്ത്രീകള്‍ ഭക്ഷണത്തിനും സമാധാനത്തിനുമായി പ്രതിഷേധം നടത്തിയിരുന്നു. ഇത് ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച്ചയായിരുന്നു. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഇത് മാര്‍ച്ച് എട്ടാണ്. ആ സമയം രാജ്യം യുദ്ധത്തിലായിരുന്നു. ഭക്ഷണ സാധനങ്ങള്‍ക്ക് കടുത്ത ക്ഷാമമായിരുന്നു. ഈ പ്രതിഷേധം നടന്ന് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സാര്‍ ചക്രവര്‍ത്തി സ്ഥാനഭ്രഷ്ടനായി. പിന്നീട് വന്ന ഭരണകൂടം സ്ത്രീകള്‍ക്ക് വോട്ടവകാശം നല്കി. ഇങ്ങനെയാണ് ഇന്ന് കാണുന്ന അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നതിലേക്ക് എത്തിയത്.
0 Comments