സഹോദരിയുമായി അവിഹിതം; സുഹൃത്തിനെ മദ്യത്തില്‍ വിഷം കലര്‍ത്തി കൊന്ന യുവാവ് പിടിയില്‍


ഇടുക്കി വണ്ടന്‍മേടില്‍ യുവാവിനെ മദ്യത്തില്‍ വിഷം കലര്‍ത്തിക്കൊടുത്തു കൊന്ന പ്രതി പിടിയില്‍. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊന്ന പ്രവീണാണ് അറസ്റ്റിലായത്.വണ്ടന്‍മേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛന്‍ പവന്‍രാജിന്റെ മൊഴിയാണ് വഴിത്തിരിവായത്.

പ്രവീണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവില്‍ പ്രതി എല്ലാം തുറന്നുപറയുകയായിരുന്നു. താനുമായുള്ള സൗഹൃദം മുതലെടുത്ത് സഹോദരിയുമായി രാജ്കുമാര്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്നെന്നും ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമെന്നുമാണ് പ്രവീണിന്റെ മൊഴി.

ഒരു മാസത്തോളമായി കൊല ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പ്രവീണ്‍ വിശദമാക്കി. അവസരം ഒത്തുവന്നപ്പോള്‍ പ്രവീണിനെ തമിഴ്നാട് അതിര്‍ത്തി പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുപോയി.

രണ്ട് പേരും മദ്യവും കഞ്ചാവും ഉപയോഗിച്ചു. രാജ്കുമാറിന്റെ സുബോധം നഷ്ടമായെന്നറിഞ്ഞപ്പോള്‍ മദ്യത്തില്‍ വിഷം കലര്‍ത്തിക്കൊടുത്തു.

മരണം ഉറപ്പാക്കി മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രവീണ്‍ തിരികെ വീട്ടിലെത്തി. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാട്ടില്‍ തെരച്ചില്‍ നടത്തി പൊലീസ് മൃതദേഹം കണ്ടെത്തി.

Post a Comment

0 Comments