നടി അഞ്ജലി നായര്‍ വിവാഹിതയായി


നടി അഞ്ജലി നായര്‍ വിവാഹിതയായി. സിനിമ സഹസംവിധായകനും പരസ്യചിത്ര സംവിധായകനുമായ അജിത് രാജുവാണ് വരന്‍.കഴിഞ്ഞ നവംബര്‍ 21 ന് അടുത്ത കുടുംബാ​ഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാര്‍ത്ത പങ്കുവച്ചത്.

ഒരു വര്‍ഷത്തെ സൗഹൃദമുണ്ടായിരുന്നെന്നും ഒന്നിച്ച്‌ മുന്നോട്ടു പോകാമെന്നു തോന്നിയതോടെയാണ് വിവാഹത്തിലേക്ക് എത്തിയതെന്നു അഞ്ജലി വനിതയ്ക്ക് നല്‍കി അഭിമുഖത്തില്‍ പറയുന്നു. ഇരുവരുടേയും രണ്ടാം വിവാഹമാണ്. സംവിധായകന്‍ അനീഷ് ഉപാസനയുമായുള്ള വിവാഹത്തില്‍ അഞ്ജലിക്ക് ആവണി എന്നു പേരുള്ള മകളുണ്ട്. അജിത്ത് രാജുവിനും ആദ്യ വിവാഹത്തില്‍ രണ്ടു മക്കളുണ്ട്. കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി വേഷങ്ങള്‍ ചെയ്തു. വെനീസിലെ വ്യാപാരി, അഞ്ച് സുന്ദരികള്‍, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് ഒടുവില്‍ വേഷമിട്ടത്. നാല്‍പത്തിയൊന്ന് എന്ന ചിത്രത്തില്‍ ലാല്‍ ജോസിന്റെ സഹസംവിധായകനായിരുന്നു തിരുവില്വാമല സ്വദേശിയായ അജിത് രാജു. ഇപ്പോള്‍ ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്.

Post a Comment

0 Comments