ജന്മദിനം ആഘോഷിക്കാനെത്തിയ ഒന്പതംഗസംഘത്തിലെ പ്ലസ്ടു വിദ്യാര്‍ഥിനി ഇടുക്കി ജലാശയത്തില്‍ മുങ്ങിമരിച്ചു. എറണാകുളം, കാക്കനാട് പനച്ചിക്കല്‍ ഷാജഹാന്റെ മകളും വാഴക്കാല നവനിര്‍മാണ്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിനിയുമായ ഇഷാ ഫാത്തിമ(17)യാണു ജലാശയത്തില്‍ കാല്‍വഴുതിവീണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആറ് പെണ്‍കുട്ടികള്‍കൂടി വെള്ളത്തില്‍ വീണെങ്കിലും സമീപവാസിയായ യുവാവ് രക്ഷപ്പെടുത്തി.
എറണാകുളം സ്വദേശിയായ സനലിന്റെ മകളുടെ ജന്മദിനാഘോഷത്തിനു സഹപാഠികളായ നാല് കുട്ടികളും ഇവരില്‍ രണ്ടുപേരുടെ സഹോദരിമാരും ഒരാളുടെ സഹോദരനും ഉള്‍പ്പെടെ ഒന്‍പതുപേരാണു കട്ടപ്പനയില്‍ വിനോദയാത്രയ്ക്കെത്തിയത്. രാവിലെ പതിനൊന്നരയോടെ വാഴവരയിലെത്തിയ സംഘം അഞ്ചുരുളി ജലാശയഭാഗത്തേക്കു പോയി. വാഴവര കൗന്തി സ്വദേശി അഭിലാഷിനെ (അശോകന്) വഴികാട്ടിയായി ഒപ്പംകൂട്ടി. ഫോട്ടോയും സെല്‍ഫിയുമെടുത്ത് നില്‍ക്കുന്നതിനിടെ എല്ലാവരും വെള്ളത്തിലിറങ്ങി. ഇതിനിടെ ഒരു പെണ്‍കുട്ടി കാല്‍വഴുതി ആഴമുള്ള ഭാഗത്തേക്കു വീണു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും ജലാശയത്തില്‍ വീണു.
കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയ അഭിലാഷ് വെള്ളത്തിലേക്കു ചാടി ആറ് പെണ്‍കുട്ടികളെ രക്ഷിച്ചു. സംഘത്തിലുണ്ടായിരുന്ന സനലും ആണ്‍കുട്ടിയും രക്ഷാപ്രവര്‍ത്തനത്തിന് അഭിലാഷിനെ സഹായിച്ചു. എല്ലാവരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് എണ്ണമെടുത്തപ്പോഴാണ് ഇഷയെ കാണാനില്ലെന്നറിഞ്ഞത്. അഭിലാഷ് വീണ്ടും മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല. കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികളും കട്ടപ്പനയില്‍നിന്നുള്ള ഫയര്‍ഫോഴ്സും ജലാശയത്തില്‍ ഏറെനേരം തെരച്ചില്‍ നടത്തിയാണ് ഇഷയുടെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന്, ബോട്ടില്‍ അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രത്തിെലത്തിച്ചശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് എറണാകുളത്തെ വീട്ടിലേക്കു കൊണ്ടുപോകും. കട്ടപ്പന പോലീസ് മേല്‍നടപടി സ്വീകരിച്ചു.
0 Comments