മഹാശിവരാത്രി: ആലുവയില്‍ ബലിതര്‍പ്പണ സൗകര്യം ഒരുക്കിയെന്ന് ദേവസ്വം ബോര്‍ഡ്


മഹാശിവരാത്രി ഉല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഭക്തര്‍ക്ക് ആലുവ മണപ്പുറത്ത് ഇക്കുറി ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ അറിയിച്ചു. ആലുവയില്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് മണപ്പുറത്ത് ബലിതര്‍പ്പണം നടത്തുന്നതിനായി 150 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക.

ആലുവ ശിവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായും പ്രത്യേകം ക്യൂ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് കുടിവെള്ളം, ഭക്ഷണം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പെരിയാറില്‍ കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധരുടെയും സ്‌ക്യൂബ ടീമിന്റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ആവുല റൂറല്‍ എസ്.പി. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പൊലീസ് സേനയും സജ്ജമായിരിക്കും. വാട്ടര്‍അതോറിറ്റി, ആലുവ നഗരസഭ എന്നിവര്‍ സംയുക്തമായി വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ള വിതരണത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആശുപത്രി സേവനങ്ങളും ലഭ്യമായിരിക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആലുവ ശിവരാത്രി ഡ്യൂട്ടിക്കായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. ഭക്തരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍ടിസി ആലുവയിലേക്ക് സ്‌പെഷ്യല്‍ ബസ്സ് സര്‍വ്വീസുകള്‍ നടത്തും.ഇതിനായി ആലുവയില്‍ ബസ്സ് പാര്‍ക്കിംഗിന് താല്‍ക്കാലിക സ്റ്റാന്‍ഡും ഒരുക്കിയിട്ടുണ്ട്.വിമുക്ത ഭടന്‍മാര്‍,വോളന്റിയര്‍ സംഘങ്ങള്‍ തുടങ്ങിയവരെയും ശിവരാത്രി ഉല്‍സവത്തിന് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

Post a Comment

0 Comments