അനധികൃത പെട്ടിക്കടകൾ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു


തിരുവമ്പാടി: ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലയ്ക്ക് പരിസരത്തെ അനധികൃത പെട്ടിക്കടകൾക്കെതിരെ നടപടിയുമായി ഗ്രാമപഞ്ചായത്ത്. കെട്ടിടനമ്പറോ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചുവരുന്ന കടകൾ മൂന്നുദിവത്തിനകം നീക്കംചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കടയുടമകൾക്ക് നോട്ടീസ് നൽകിയത്. അല്ലാത്തപക്ഷം പഞ്ചായത്ത് നിയമനടപടി സ്വീകരിച്ച് നീക്കംചെയ്യുന്നതാണെന്നും അതിനുണ്ടാകുന്ന ചെലവ് കടയുടമകളിൽനിന്ന്‌ ഈടാക്കുന്നതാണെന്നും നോട്ടീസിൽ പറയുന്നു.

മദ്യവിൽപ്പനശാലയോടനുബന്ധിച്ച് തുടങ്ങിയ പെട്ടിക്കടകൾ ക്രമസമാധാനത്തിന് ഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയിട്ട് ഒന്നരമാസമായിട്ടും നടപടി കൈക്കൊണ്ടിരുന്നില്ല.

കഴിഞ്ഞ ഡിസംബർ 17-നാണ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇതുസംബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. പെട്ടിക്കടകളിൽ മദ്യപാനം നടക്കുന്നുണ്ട്. ഇതിന് സമീപത്തായായി സ്കൂളുകൾ, ബാങ്കുകൾ, മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾ, കെ.എസ്.ആർ.ടി.സി. ബസ് ഗാരേജ്, ധനകാര്യസ്ഥാപനങ്ങൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നു. ഇക്കാര്യം പരിഗണിച്ച് അനധികൃതമായി പ്രവർത്തിച്ചുവരുന്ന ഇത്തരം പെട്ടിക്കടകൾ നീക്കംചെയ്യാനുളള നടപടികൾ സ്വീകരിക്കണമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു.

അതേസമയം, നോട്ടീസ് കിട്ടിയതോടെ കടകൾ മാറ്റാൻ 15-ദിവസം സാവകാശം ആവശ്യപ്പെട്ട് പെട്ടിക്കട ഉടമകൾ പഞ്ചായത്ത് സെക്രട്ടറിക്ക് മറുപടി അയച്ചിരിക്കുകയാണ്. സ്ഥലമുടമയുടെ സമ്മതത്തോടെയാണ് പെട്ടിക്കട സ്ഥാപിച്ചതെന്നും ഇതുസംബന്ധിച്ച് സ്ഥലമുടമ പഞ്ചായത്തിൽ നേരത്തേ അപേക്ഷ സമർപ്പിച്ചിരുന്നതായും കെട്ടിടയുടമകൾ പറയുന്നു.

Post a Comment

0 Comments