തെറ്റ് തിരുത്താൻ സമയം വൈകിയിട്ടില്ല


ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ ബലപ്രയോഗം നടത്തുന്നത് തെറ്റാണെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. റഷ്യയുടെ നടപടി യു.എന്നിന്റെ പ്രമാണങ്ങൾക്കെതിരാണെന്നും തീർത്തും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും സെക്രട്ടറി ജനറൽ പ്രതികരിച്ചു. തെറ്റായ നീക്കം തിരിച്ചെടുക്കാൻ സാധിക്കാത്തതല്ലെന്ന് റഷ്യ ഓർക്കണം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനോട് ആവർത്തിച്ച് അഭ്യർത്ഥിക്കുകയാണ്. യുക്രൈനിലെ സൈനിക നടപടി നിർത്തലാക്കണം. സൈന്യത്തെ റഷ്യയിലേക്ക് തിരികെ വിളിക്കണമെന്നും സെക്രട്ടറി ജനറൽ അഭ്യർത്ഥിച്ചു.

യുക്രൈനിലും പരിസര പ്രദേശങ്ങളിലും സാധ്യമായ മാനുഷിക സേവനങ്ങൾ യു.എൻ വർദ്ധിപ്പിക്കുകയാണ്. യുക്രൈൻ ജനതയുടെ പ്രതിസന്ധി ഘട്ടത്തിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും എല്ലാ പിന്തുണകളും നൽകാനും യു.എൻ പ്രതിജ്ഞാബദ്ധരാണ്. ഏറ്റവും ദുർബലരായ ആളുകൾക്ക് അവർ ആരാണെന്നോ എവിടെയാണെന്നോ പരിഗണിക്കാതെ ജീവൻ രക്ഷോപാധികൾ ലഭ്യമാക്കുമെന്നും ആശ്വാസ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി ജനറൽ വ്യക്തമാക്കി.

പക്ഷപാതരാഹിത്യത്തോടെ നിഷ്പക്ഷമായി മനുഷ്യത്വത്തിന് മുൻഗണന നൽകുന്നതാണ് യു.എന്നിന്റെ പ്രമാണങ്ങൾ. അതിനാൽ ഈ നിർണായ ഘട്ടത്തിൽ സാധാരണക്കാരുടെ സുരക്ഷയ്‌ക്ക് പ്രാഥമിക പരിഗണന നൽകും. യു.എൻ പ്രതിനിധികളും ജീവനക്കാരും യുക്രൈന് ആവശ്യമായ എല്ലാ സഹായങ്ങളുമെത്തിക്കാൻ സജീവ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞതായും സെക്രട്ടറി ജനറൽ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

Post a Comment

0 Comments