കെഎസ്ആര്‍ടിസിയിടിച്ച് യുവാക്കൾ മരിച്ച സംഭവം: അന്വേഷിക്കാൻ പ്രത്യേകസംഘം


തൃശ്ശുര്‍-പാലക്കാട് ദേശീയപാതയില്‍ കെഎസ് ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ പാലക്കാട് എസ് പി.ദു‍ര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന പരാതിയുള്‍പ്പെടെ പരിശോധിക്കും. മരിച്ച യുവാക്കളുടെ ബന്ധുക്കള്‍, സംഭവ ദിവസം ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ എന്നിവരുടെ വിശദമായ മൊഴിയും പോലീസ് അടുത്ത ദിവസം രേഖപ്പെടുത്തും.

കുഴല്‍മന്ദം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. തിങ്കളാഴ്ച രാത്രിയാണ് ദേശീയ പാതയില്‍ രണ്ട് യുവാക്കളുടെ ജീവനെടുത്ത അപകടം. കുഴല്‍മന്ദത്തിന് സമീപം കെഎസ്‌ആ‍ര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് കാവശ്ശേരി സ്വദേശി ആ‍‍ദര്‍ശ്, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവരാണ് മരിച്ചത്. അപകടകരമായ രീതിയില്‍ ബസ് വലത്തേക്ക് വെട്ടിച്ച്‌ ബൈക്കിനെ മറിച്ചിടുന്ന ദൃശ്യങ്ങള്‍ പുറകെയുണ്ടായിരുന്ന കാറിലെ ഡാഷ് ബോ‍ര്‍ഡ് ക്യാമറിയില്‍ പതിഞ്ഞിരുന്നു.

ബസ് ജീവനക്കാരുമായി യുവാക്കള്‍ തര്‍ക്കിച്ചിരുന്നെന്നും ഇതിലുളള വൈരാഗ്യത്താലാണ് ബസിടിപ്പിച്ചതെന്നും ബന്ധുക്കളോട് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞിരുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത് ഡ്രൈവറെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് വിശദമായ മൊഴിയെടുപ്പ്. ദേശീയ പാതയോരത്തുളള കടകളില്‍ നിന്നുള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും.

Post a Comment

0 Comments