നിർമാതാവിനു നേരെ വെടിവയ്പും ഗുണ്ടാആക്രമണവും: രണ്ടു പേരെ ബാലുശ്ശേരി പൊലീസ് പിടികൂടിസിനിമയെടുത്ത് കടക്കെണിയിലായി വീടൊഴിയേണ്ടിവന്ന നിർമാതാവിനു നേരെ വെടിവയ്പും ഗുണ്ടാആക്രമണവും. ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. വെടിവച്ച രണ്ടു പേരെ ബാലുശ്ശേരി പൊലീസ് പിടികൂടി. തോക്കും കസ്റ്റഡിയിലെടുത്തു. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. 2016ൽ പുറത്തിറങ്ങിയ ‘വൈഡൂര്യം’ എന്ന സിനിമയുടെ നിർമാതാവ് നന്മണ്ട പന്ത്രണ്ടുമഠത്തിൽ വിൽസണു നേരെയാണു മൂന്നംഗസംഘം ആക്രമണം നടത്തിയത്. മുക്കം ചെറുവാടി ചൗത്തടിക മുനീർ (38), ഓമശ്ശേരി പുത്തൂര് കരിമ്പാരു കുഴിയിൽ ഷാഫി (32) എന്നിവരാണു കസ്റ്റഡിയിലായത്.

2010ൽ സിനിമ നിർമിക്കാൻ 2.65 കോടിയോളം രൂപ വിൽസണു ചെലവായിരുന്നു. പടം പൂർത്തിയായ ശേഷം റിലീസ് ചെയ്യാൻ 50 ലക്ഷത്തോളം രൂപ ആവശ്യമായതിനെ തുടർന്ന് വായ്പയെടുത്തു. തൃശൂരിൽ വിൽസന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി റജിസ്റ്റർ ചെയ്തു നൽകിയിരുന്നു. സിനിമ പരാജയപ്പെട്ടതോടെ വിൽസൺ കുരുക്കിലായി. വായ്പക്കാരന്റെ ഭാര്യയുടെ പേരിലാണു സ്ഥലം റജിസ്റ്റർ ചെയ്തു കൊടുത്തത്. ആറു മാസത്തിനുശേഷം 87.72 ലക്ഷം രൂപയ്ക്കു സ്ഥലം വിറ്റു പണം തിരികെ നൽകിയെങ്കിലും നന്മണ്ടയിലെ സ്ഥലം വിൽസണു തിരികെ കൊടുത്തില്ല. തുടർന്നു പ്രശ്നം കോടതിയിലെത്തുകയും ചെയ്തു.

രണ്ടു ദിവസം മുൻപ് വിൽസണെതിരെ കോടതി വിധി വന്നു. പോവാൻ ഇടമില്ലാതായതോടെ വിൽസണും ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളും വീട്ടുപറമ്പിൽ സാധനസാമഗ്രികളുമായി ഇരിക്കുകയായിരുന്നു. പകൽ വാടകവീട് കണ്ടെത്താനും കഴിഞ്ഞില്ല. രാത്രി ഒൻപതരയോടെ സ്ഥലത്തെത്തിയ മൂന്നംഗ സംഘം വിൽസണോട് ഇറങ്ങിപ്പോവാനാവശ്യപ്പെടുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ആദ്യം ഒരുവട്ടം ആകാശത്തേക്ക് വെടിവച്ചു. രണ്ടുതവണ ചുറ്റും വെടിവയ്ക്കുകയും ചെയ്തു.

Post a Comment

0 Comments