ഹയര്‍സെക്കന്‍ഡറി പരീക്ഷ: ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തും


ഹയർസെക്കൻഡറി സ്കോർ ഷീറ്റിൽ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേസ് മാർക്ക് പ്രത്യേകം രേഖപ്പെടുത്തും. നിലവിൽ ഗ്രേസ് മാർക്ക് നൽകുമ്പോൾ സ്കോർഷീറ്റിൽ 'ഗ്രേസ് മാർക്ക് അവാർഡഡ്' എന്ന് മാത്രമാണ് രേഖപ്പെടുത്തുന്നത്. വിദ്യാർഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് പരിഷ്കരിച്ച ഹയർസെക്കൻഡറി പരീക്ഷാ മാന്വൽ ഈ നിർദേശം മുന്നോട്ടുവെച്ചത്.

പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകൾ ഇരട്ടമൂല്യനിർണയം നടത്തും. ലഭിക്കുന്ന സ്കോറുകൾ പരമാവധി മാർക്കിന്റെ 10 ശതമാനത്തിൽ താഴെയാണെങ്കിൽ ലഭ്യമായ രണ്ടു സ്കോറുകളുടെയും ശരാശരി മാർക്ക് ലഭിക്കും. വ്യത്യാസം 10 ശതമാനമോ അതിൽ കൂടുതലോ ആണെങ്കിൽ മൂന്നാമതും മൂല്യനിർണയം നടത്തും.

ഇതിൽ ലഭിക്കുന്ന സ്കോറിന്റെയും ഇരട്ടമൂല്യനിർണയത്തിലൂടെ ലഭിക്കുന്ന സ്കോറിൽ ഇതുമായി ഏറ്റവും അടുത്തുള്ള സ്കോറിന്റെയും ശരാശരിയാണ് നൽകുക. പുനർമൂല്യനിർണയത്തിൽ ലഭിക്കുന്ന സ്കോർ വിദ്യാർഥിക്ക് ആദ്യം ലഭിച്ചതിനേക്കാൾ ഒരു സ്കോറെങ്കിലും അധികമാണെങ്കിൽ അതു ലഭ്യമാക്കും. കുറവാണെങ്കിൽ ആദ്യം ലഭിച്ചത് നിലനിർത്തും.

ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷയോടൊപ്പം നൽകേണ്ട സത്യവാങ്മൂലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നൽകണമെന്ന വ്യവസ്ഥയിൽ ഇളവുവരുത്തി. ഇനിമുതൽ നോട്ടറിയിൽനിന്നുള്ള അഫിഡവിറ്റ് മതി.

കംപാർട്ട്മെന്റൽ വിദ്യാർഥികൾക്ക് വിജയിക്കാനാകാത്ത വിഷയങ്ങൾക്ക് ഒന്നാം വർഷമോ രണ്ടാം വർഷമോ താത്മര്യമനുസരിച്ച് പരീക്ഷയെഴുതാം. ഒന്നാംവർഷ പരീക്ഷയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ രണ്ടാം വർഷത്തെ ഉയർന്ന സ്കോറും രണ്ടാംവർഷ പരീക്ഷയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഒന്നാംവർഷത്തെ ഉയർന്ന സ്കോറും നിലനിർത്തും. ഇതുവരെ ഒന്നാം വർഷവും രണ്ടാം വർഷവും നിർബന്ധമായും എഴുതണമായിരുന്നു.

സി.ഇ. മാർക്ക് പ്രസിദ്ധപ്പെടുത്തും

നിരന്തര മൂല്യനിർണയ(സി.ഇ.)ത്തിന്റെ മാർക്ക് അധ്യാപകർ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണം. ഇതുസംബന്ധിച്ച് പ്രിൻസിപ്പലിന് പരാതിനൽകാം. പ്രിൻസിപ്പലിന്റെ തീർപ്പിൽ തൃപ്തരല്ലാത്തവർക്ക് ആർ.ഡി.ഡി.മാർക്ക് അപ്പീൽ നൽകാം. പരാതി പരിഹരിച്ച് വീണ്ടും മാർക്ക് വിവരം നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തണം. വകുപ്പിന്റെ പോർട്ടലിൽ അപ്ലോഡ് ചെയ്യുകയും വേണം.

പ്രായോഗിക പരീക്ഷമാത്രം എഴുതാം

രണ്ടാംവർഷ തിയറി പരീക്ഷയെഴുതിയ വിദ്യാർഥിക്ക് പ്രായോഗിക പരീക്ഷ എഴുതാൻ കഴിയില്ലെങ്കിൽ സേ പരീക്ഷയിൽ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാം. ചോദ്യക്കടലാസ് നിർമാണത്തിന് നിലവിൽ എസ്.സി.ഇ.ആർ.ടി. നൽകുന്ന പാനലിൽനിന്നാണ് അധ്യാപകരെ തിരഞ്ഞെടുക്കുന്നത്.

Post a Comment

0 Comments