ഹണി ട്രാപ്പ്: മലപ്പുറത്തെ യുവ വ്യവസായിയുടെ 38 ലക്ഷം തട്ടിയ യുവതി പിടിയിൽ


തൃക്കാക്കരയിൽ യുവ വ്യവസായിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്സ് പാലച്ചുവട് എം.ഐ.ആർ. ഫ്ളാറ്റിൽ താമസിക്കുന്ന കുരുംതോട്ടത്തിൽ ഷിജിമോൾ (34) ആണ് പിടിയിലായത്. മലപ്പുറം സ്വദേശിയാണ് തട്ടിപ്പിനിരയായത്.

നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2021 സെപ്റ്റംബർ മുതൽ പരാതിക്കാരന്റെ കൈയിൽനിന്ന് 38 ലക്ഷം രൂപയാണ് ഷിജിമോൾ തട്ടിയതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ സ്ത്രീസുഹൃത്തിനെ കാണാൻ കാക്കനാട് പാലച്ചുവട് എം.ഐ.ആർ. ഫ്ളാറ്റിലെത്തിയ യുവാവിനെ മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി മയക്കിയശേഷം ഷിജിമോൾ ദൃശ്യങ്ങളും ചിത്രങ്ങളും എടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രണ്ടുദിവസത്തിനുശേഷം ഇയാളെ ഫോണിൽ വിളിച്ച് തന്റെ കൈയിൽ ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്നും ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങളോട് പറയുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

ഇങ്ങനെ 20 ലക്ഷത്തോളം രൂപ പണമായി കൈക്കലാക്കി. പിന്നീട് താൻ ഗർഭിണിയാണെന്നും ഇനി ഫ്ളാറ്റിൽ നിൽക്കാൻ സാധിക്കില്ലെന്നും അതുകൊണ്ട് താമസിക്കാൻ വീട് വാങ്ങുന്നതിന് പണം നൽകണമെന്നും ആവശ്യപ്പെട്ടു.

പണം നൽകാത്തപക്ഷം വീട്ടിലേക്ക് വരുമെന്ന് പറഞ്ഞതോടെ ഗത്യന്തരമില്ലാതെ പരാതിക്കാരൻ ആത്മഹത്യയ്ക്കുവരെ ശ്രമിച്ചു. തുടർന്നും പണം ആവശ്യപ്പെട്ടതോടെ പോലീസിൽ പരാതി നൽകി.

തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വരാപ്പുഴ പെൺവാണിഭ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിട്ടുള്ള ഷിജിമോൾക്ക് ഇത്തരത്തിലുള്ള മറ്റു കേസുകളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

0 Comments