നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷനെതിരെ ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി നടൻ ദിലീപ്. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്ന് ദിലീപ് ആരോപിച്ചു. കേസ് അട്ടിമറിക്കാൻ ആണ് അഭിമുഖം വഴി ശ്രമിക്കുന്നത്. പരാതിക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനും ഉണ്ട്. 202 -ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിൻ്റെ തലേ ദിവസം ആണ് വെളിപ്പെടുത്തൽ നടന്നതെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നു. ഡിജിപി ,ക്രൈം ബ്രാഞ്ച് എഡിജിപി എന്നിവർക്കാണ് പരാതി.

വിസ്താരം നടന്നിരുന്നെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ കണ്ടെത്തൽ തകരുമായിരുന്നു. പ്രോസിക്യൂട്ടറെ രാജി വെപ്പിച്ചത് വിസ്താരം അനാവശ്യമായി നീട്ടാനാണ്. ബാലചന്ദ്രകുമാറിൻ്റെ പരാതിയിൽ തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ല. ഗൂഢാലോചന നടത്തിയ ബൈജു പൗലോസിനെ അന്വേഷണം ഏല്പിക്കരുത് എന്നും ദിലീപ് പരാതിയിൽ പറയുന്നു. വിഷയത്തിൽ ബൈജു പൗലോസിന് എതിരെ നടപടി വേണം എന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച പ്രതികൾ ചിത്രീകരിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. സംവിധായകൻ നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

Post a Comment

0 Comments