ആട് ആന്റണിയുടെ അപ്പീൽ; സംസ്‌ഥാനത്തിന്‌ സുപ്രീം കോടതിയുടെ നോട്ടീസ്


സിവിൽ പോലീസ് ഓഫിസർ മണിയൻ പിള്ളയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി സമർപ്പിച്ച അപ്പീലിൽ സുപ്രീം കോടതി കേരള സർക്കാരിന് നോട്ടീസ് അയച്ചു. ജസ്‌റ്റിസ്‌ വിനീത് ശരൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

കൊല്ലം പാരിപ്പള്ളി സ്‌റ്റേഷനിലെ പോലീസുകാരനായിരുന്ന മണിയൻ പിള്ളയെ കൊലപ്പെടുത്തിയ കേസിൽ, ആട് ആന്റണിക്ക് വിചാരണകോടതി നൽകിയ ജീവപര്യന്തം കഠിനതടവ് ഉൾപ്പടെയുള്ള ശിക്ഷകൾ ഹൈക്കോടതി ശരിവച്ചിരുന്നു. തുടർന്നാണ് ആട് ആന്റണി സുപ്രീം കോടതിയെ സമീപിച്ചത്. ശിക്ഷകൾ വെവ്വേറെ അനുഭവിക്കണമെന്ന വിചാരണകോടതി ഉത്തരവിനെ ആട് ആന്റണി ഹർജിയിൽ ചോദ്യം ചെയ്‌തു.

2012 ജൂണ്‍ 26ന് പുലര്‍ച്ചെ കൊല്ലം പാരിപ്പള്ളിയിലായിരുന്നു സംഭവം. വാഹന പരിശോധന നടത്തിയിരുന്ന പോലീസുകാരനെ ആട് ആന്റണി കുത്തി കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ആട് ആന്റണിയെ മൂന്ന് വര്‍ഷത്തിന് ശേഷം 2015 ഒക്‌ടോബറിൽ കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തിന് സമീപത്തു നിന്നാണ് പോലീസ് പിടികൂടിയത്. 2016 ജൂലൈ 27ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ആട് ആന്റണിക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു.

Post a Comment

0 Comments