കാമുകൻ മരിച്ച സംഭവം: കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തികുമരകം ചീപ്പുങ്കലിൽ ജീവനൊടുക്കിയ യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ശേഷം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ സമീപത്തെ വയലിൽ തളർന്നുകിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്. രാത്രി മുഴുവൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നതായാണ് പെൺകുട്ടിയുടെ മൊഴി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും പെൺകുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.

കഴിഞ്ഞദിവസമാണ് വൈക്കം വെച്ചൂർ സ്വദേശി ഗോപു(22)വിനെ ചീപ്പുങ്കൽ മാലിക്കായലിന് സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ യുവാവും പെൺകുട്ടിയും കാടുപിടിച്ച് കിടക്കുന്ന തകർന്ന കെട്ടിടത്തിലേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെയാണ് നാട്ടുകാർ തിരച്ചിൽ നടത്തിയത്. തുടർന്നാണ് യുവാവിനെ ഒരുമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


കാമുകിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും എഴുതിയ ഒരു കുറിപ്പും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ ബാഗും മൊബൈൽഫോണും സ്ഥലത്തുനിന്ന് കിട്ടിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് സമീപപ്രദേശങ്ങളിലെല്ലാം വ്യാപകമായ തിരച്ചിൽ നടത്തി. ഇതിനിടെ, വെള്ളക്കെട്ടിൽ വീണിട്ടുണ്ടാകാമെന്ന നിഗമനത്തിൽ വെള്ളത്തിലും തിരച്ചിൽ തുടർന്നു. എന്നാൽ രാത്രി വൈകിയും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിക്കാനാരിക്കെയാണ് പെൺകുട്ടിയെ സമീപപ്രദേശത്തുനിന്ന് കണ്ടെത്തിയത്.

ജീവനൊടുക്കിയ ഗോപുവും പെൺകുട്ടിയും കമിതാക്കളാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. നേരത്തെയും ഇവർക്കിടയിൽ വഴക്കുണ്ടായിരുന്നതായും അതിനാലാകാം ജീവനൊടുക്കാനുള്ള തയ്യാറെടുപ്പിൽ യുവാവ് സ്ഥലത്തെത്തിയതെന്നുമാണ് പോലീസിന്റെ നിഗമനം. യുവാവ് മരിച്ചതോടെ ഭയന്നുപോയ പെൺകുട്ടി കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നതാണെന്നും കരുതുന്നു. അതേസമയം, പകൽസമയത്ത് പോലും ആളുകൾ കടന്നുചെല്ലാൻ ഭയക്കുന്ന പ്രദേശത്ത് പെൺകുട്ടി ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയ വിവരമറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

Post a Comment

0 Comments