മദ്യം നല്‍കി, യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചു


കോഴിക്കോട് ചേവായൂര്‍ ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പെണ്‍കുട്ടികള്‍ക്കൊപ്പം ബംഗളൂരുവില്‍ പിടിയിലായ യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നാണ് വെളിപ്പെടുത്തല്‍.

യുവാക്കള്‍ മദ്യം നല്‍കിയെന്നും, ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് എതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നാണ് വിവരം. കൊല്ലം, തൃശ്ശൂര്‍ സ്വദേശികളായ യുവാക്കളാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

അതേസമയം, ചില്‍ഡ്രണ്‍സ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പെണ്‍കുട്ടികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ചില്‍ഡ്രണ്‍സ് ഹോം വിട്ടിറങ്ങി ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയെന്നും കുട്ടികള്‍ പറയുന്നു. വിവിധയിടങ്ങളില്‍ നിന്നും കണ്ടെത്തിയ ആറ് പെണ്‍കുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments