അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍


വർക്കല പനയറ എണാറുവിളയിൽ വീടിനുള്ളിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മദ്യപിച്ചുണ്ടായ വഴക്കിനിടെ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പനയറ എണാറുവിള കോളനി കല്ലുവിള വീട്ടിൽ സത്യനാ(55) ണ് മരിച്ചത്. കൊല നടത്തിയ സത്യന്റെ മൂത്തമകൻ സതീഷി(30) നെ അയിരൂർ പോലീസ് അറസ്റ്റുചെയ്തു.

ഞായറാഴ്ച രാത്രി 7.30-ഓടെയാണ് സത്യനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. മരണത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് വിശദമായി അന്വേഷണം നടത്തിയാണ് കൊലപാതകം തെളിയിച്ചത്.


സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: സത്യൻ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയും മക്കളുമായി വഴക്കുണ്ടാക്കുമായിരുന്നു. ഞായറാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ സത്യൻ, ജോലികഴിഞ്ഞ് കിടന്നുറങ്ങുകയായിരുന്ന മകൻ സതീഷുമായി വഴക്കിടുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇതോടെ സതീഷ് ജോലിക്കുപയോഗിക്കുന്ന ചുറ്റിക ഉപയോഗിച്ച് സത്യന്റെ തലയ്ക്കടിക്കുകയും ചുവരിൽ ചേർത്തുനിർത്തി കഴുത്തുഞെരിക്കുകയും ചെയ്തു. തുടർന്ന് നിലത്തേക്ക് തള്ളിവീഴ്ത്തുകയുമായിരുന്നു. അയൽക്കാരാണ് സത്യനെ വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചത്. പോലീസിനെ നാട്ടുകാരാണ് വിവരമറിയിച്ചത്.

സത്യന്റെ ഭാര്യ ശോഭന സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. വീട്ടിൽ വഴക്ക് പതിവായതിനാൽ അവർ ഇതൊന്നും ശ്രദ്ധിക്കാതെ വീടിനു പിന്നിലിരുന്ന് പാത്രം കഴുകുകയായിരുന്നു. സത്യന്റെ വലതുചെവിയുടെ മുകളിൽ ആയുധമുപയോഗിച്ചുള്ള ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. സത്യനും മകനും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും പതിവാണെന്ന വിവരം നാട്ടുകാരിൽനിന്നും പോലീസിന് ലഭിച്ചിരുന്നു. ഇതോടെയാണ് മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം നടത്തിയത്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.


പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ആയുധം ഉപയോഗിച്ചുള്ള അടിയിൽ തലയോട്ടി പിളർന്നതും കഴുത്തുഞെരിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിലയിരുത്തൽ. ഇതോടെയാണ് സംഭവശേഷം നിരീക്ഷണത്തിലായിരുന്ന സതീഷിനെ അറസ്റ്റുചെയ്തത്. പ്രതിയെ പോലീസ് വീട്ടിലെത്തിച്ച് തെളിവെടുക്കുകയും കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തു. കെട്ടിടനിർമാണ തൊഴിലാളികളായിരുന്നു സത്യനും സതീഷും.

വർക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തിൽ അയിരൂർ ഇൻസ്പെക്ടർ ശ്രീജേഷ്, എസ്.ഐ.മാരായ സജീവ്, സജിത്ത്, എ.എസ്.ഐ. മാരായ സുനിൽകുമാർ, ഇതിഹാസ് നായർ, സിവിൽ പോലീസ് ഓഫീസർമാരായ സുജീഷ്കുമാർ, ബൈജു, സജീവ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments