ചില്‍ഡ്രന്‍സ് ഹോമിൽ തിരിച്ചെത്തിച്ച ആറു പെണ്‍കുട്ടികളില്‍ ഒരാള്‍ കൈമുറിച്ചു


കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. ചിൽഡ്രൻസ് ഹോമിൽനിന്ന് ഒളിച്ചോടിയ പെൺകുട്ടികളിൽ ഒരാൾ കൈമുറിച്ചു. ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം പെൺകുട്ടിയെ തിരികെ ചിൽഡ്രൻസ് ഹോമിലെത്തിച്ചു. ഒളിച്ചോടിയ 6 പെൺകുട്ടികളെയും തിരികെ ചിൽഡ്രൻസ് ഹോമിലെത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒരാൾ കൈമുറിച്ചത്. ആത്മഹത്യാ ശ്രമമായി കരുതുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

26നു വൈകിട്ട് ഒളിച്ചോടിയ പെൺകുട്ടികളെ കർണാടകയിൽനിന്നും മലപ്പുറത്തുനിന്നുമാണ് പിടികൂടിയത്. ഇതിനിടെ, മകളെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു പെണ്‍കുട്ടിയുടെ അമ്മ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി. 26നു വൈകിട്ട് 5 മണിയോടെയാണു 15നും 17നും ഇടയിൽ പ്രായമുള്ള ആറു പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽനിന്നു കാണാതായത്.

പിറ്റേന്നു വൈകിട്ട് ബെംഗളൂരു മഡിവാളയിലെ സർവീസ് അപ്പാർട്മെന്റിൽ മുറിയെടുക്കാൻ എത്തിയപ്പോൾ പെൺകുട്ടികളെയും ഒപ്പമുണ്ടായിരുന്ന യുവാക്കളെയും ഹോട്ടൽ അധികൃതർ തടഞ്ഞുവച്ചു പൊലീസിൽ അറിയിച്ചു. പൊലീസ് എത്തുമ്പോഴേക്കും 5 പെൺകുട്ടികൾ രക്ഷപ്പെട്ടെങ്കിലും ഒരു കുട്ടിയെയും രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവരെയും പിന്നീട് പിടികൂടി. ഇതിനിടെ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് യുവാക്കളെ അറസ്റ്റ് ചെയ്തു.

Post a Comment

0 Comments