സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണം

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ശനിയാഴ്ച രാത്രി 12 മുതല്‍ ഞായറാഴ്ച രാത്രി 12 വരെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം. കോവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്ചകളിലെ നിയന്ത്രണം നാളെയും തുടരും. നിയന്ത്രണ ലംഘനം കണ്ടെത്താന്‍ പോലീസിന്റെ കര്‍ശന പരിശോധനയുണ്ടാകും.

അവശ്യ സര്‍വീസുകള്‍ക്ക് ഇളവുകളുണ്ടാകും. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. മറ്റുപൊതുഗാതഗത്തിനും സ്വകാര്യവാഹനങ്ങള്‍ക്കും നിരത്തിലിറക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകും. കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് ജനുവരി 23, 30 തീയതികളിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നിശ്ചയിച്ചിരുന്നത്. ഈ ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകള്‍ നേരത്തെ മാറ്റിവെച്ചിരുന്നു.

നിയന്ത്രണങ്ങളും ഇളവുകളും

  • മരുന്ന്, പഴം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവയുടെ കടകള്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ. പരമാവധി ഹോം ഡെലിവറി.
  • ഭക്ഷണശാലകളും ബേക്കറികളും രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ. പാഴ്സല്‍ അല്ലെങ്കില്‍ഹോം ഡെലിവറി മാത്രം.
  • വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയില്‍ 20 പേര്‍ മാത്രം.
  • ദീര്‍ഘദൂരബസുകള്‍, തീവണ്ടികള്‍, വിമാനസര്‍വീസ് ഉണ്ടാകും. ഇതിനായി വാഹനങ്ങളില്‍ യാത്ര ചെയ്യാം. ടിക്കറ്റ് കൈയില്‍ കരുതിയാല്‍ മതി.
  • ആശുപത്രിയിലേക്കും വാക്സിനേഷനും യാത്രചെയ്യാം.
  • മുന്‍കൂട്ടി ബുക്കുചെയ്തതെങ്കില്‍ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പോകാം. സ്റ്റേ വൗച്ചര്‍ കരുതണം.
  • നേരത്തേ ബുക്കുചെയ്ത വിനോദസഞ്ചാരികളുടെ കാറുകള്‍ക്കും ടാക്സിവാഹനങ്ങള്‍ക്കും സഞ്ചരിക്കാം.
  • ഞായറാഴ്ച പ്രവൃത്തിദിനമായ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, കമ്പനികള്‍, വര്‍ക്ക് ഷോപ്പുകള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി. ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാം.
  • പരീക്ഷകളില്‍ പങ്കെടുക്കാനുള്ളവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ഹാജരാക്കിയാല്‍ മതി.
  • ബാറും മദ്യക്കടകളും പ്രവര്‍ത്തിക്കില്ല. കള്ളുഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം.


Post a Comment

0 Comments