രാമനാട്ടുകര അപകടം; ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പൊലീസ്


ഇന്നലെ വൈകിട്ട് രാമനാട്ടുകര ബൈപ്പാസില കൊടൽ നടക്കാവ് വയൽക്കരയിൽ ട്രക്ക് കാറിലേക്ക് ഇടിച്ച് കയറി ദമ്പതികൾ മരിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. വാഹനം ഓടിച്ച മണ്ണാർക്കാട് സ്വദേശിയായ ഹാരിഷിനെതിരേയാണ് കേസെടുത്തത്.

കോഴിക്കോട് ഭാഗത്തുനിന്ന് അതിവേഗത്തിൽ തെറ്റായവശത്തുകൂടെവന്ന ലോറി എതിരേവന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറിനെ വലിച്ചിഴച്ച് മുന്നോട്ടുപോയ ലോറി, ഗുഡ്സ് ഓട്ടോയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും ഓട്ടോ ഭാഗികമായും തകർന്നു. ലോറിയുടെ ഡ്രൈവർ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് പിടിക്കുകയായിരുന്നു. കാർ ലോറിക്കടിയിൽപ്പെട്ടതിനാൽ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

കാർയാത്രക്കാരായ മടവൂർ അരങ്കിൽ താഴം എതിരംമല കോളനിയിലെ കൃഷ്ണൻകുട്ടി (55), ഭാര്യ സുധ (45) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മകൻ അരുൺ (21), സുഹൃത്ത് കാർ ഡ്രൈവർ കണ്ണൂർ സ്വദേശി അലി, ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന ചേളാരി പടിക്കൽ ഒറ്റതിങ്ങിൽ അൻവർ (44), സമീറ (38) എന്നിവർ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

Post a Comment

0 Comments