പി.ടി.തോമസിന് ജന്മനാടിന്റെ വിട; വിലാപയാത്ര ആരംഭിച്ചു


അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി തോമസിന് ആദരാഞ്ജലികൾ അർപ്പിച്ച് ജന്മനാടും നാട്ടുകാരും. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് പുലർച്ചയോടെ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ച മൃതദേഹം ഇപ്പോൾ വിലാപയാത്രയായി തൊടുപുഴയിലേക്ക് കൊണ്ടുപോവുകയാണ്. ആയിരങ്ങളാണ് പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വീട്ടിലും വഴിയോരത്തുമായി എത്തിയത്.

ജില്ലാ കളക്ടറും ഇടുക്കി എംപി ഡീൻ കുര്യാക്കോസും ചേർന്ന് പുലർച്ചെയാണ് വെല്ലൂരിലെ ആശുപത്രിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പി.ടി.തോമസിന്റെ മൃതദേഹം സംസ്ഥാന അതിർത്തിയിൽ ഏറ്റുവാങ്ങിയത്.

പുലർച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. പാലാ, ഇടുക്കി ബിഷപ്പുമാർ പി.ടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

തൊടുപുഴയിൽ രാജീവ് ഭവനിൽ ആദരാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കും. തുടർന്ന് എറണാകുളം ഡിസിസി ഓഫീസിലെത്തിച്ചശേഷം മൃതദേഹം എറണാകുളം ടൗൺ ഹാളിലും പൊതുദർശനത്തിന് വെയ്ക്കും.

വൈകീട്ട് 5.30ന് പി.ടി.തോമസിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.

Post a Comment

0 Comments