പി.ടിക്ക് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; മക്കളെ ചേർത്തുപിടിച്ച് രാഹുൽ ​ഗാന്ധി


തൃക്കാക്കര എംഎല്‍എയും കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ പിടി തോമസിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. കൊച്ചിയിലെ പാലാരിവട്ടത്തെ വീട്ടിലെത്തിച്ച മൃതദേഹം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. അന്ത്യാഞ്ജലി അര്‍പ്പിക്കാന‍ായി രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തി. പി ടി തോമസിൻ്റെ കുടുംബാംഗങ്ങളുമായി രാഹുൽ കുറച്ചുസമയം സമയം ചിലവഴിക്കുകയും ചെയ്തു. കുടുംബാംഗങ്ങൾക്കൊപ്പം കസേരയിലിരുന്ന രാഹുൽ പി ടി തോമസിൻ്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

സമയക്കുറവ് മൂലം അല്‍പ്പസമയം മാത്രമാണ് അദ്ദേഹത്തിന്‍റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശത്തിന് വച്ചത്. ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു. ജന്മദേശമായ ഇടുക്കിയും പി ടി തോമസിന് വികാര നിര്‍ഭരമായ യാത്രയപ്പാണ് നല്‍കിയത്. വഴി നീളെ പ്രവര്‍ത്തകര്‍ പിടിയെ അവസാനമായി കാണാന്‍ തടിച്ച് കൂടിയതിനെ തുടര്‍ന്ന് വിലാപയാത്ര അഞ്ച് മണിക്കൂറോളം വൈകിയാണ് എറണാകുളത്ത് എത്തിയത്.

തൃക്കാക്കര ടൗണ്‍ഹാളില്‍ നടക്കുന്ന പൊതുദര്‍ശനത്തില്‍ വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനെത്തും. നടന്‍ മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചു. എറണാകുളം രവിപുരം ശ്മശാനത്തിൽ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി 5.30 ന് ആകും സംസ്കാരചടങ്ങുകൾ നടക്കുക.

Post a Comment

1 Comments