രാത്രികാല നിയന്ത്രണം: ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി


തിരുവനന്തപുരം: രാത്രികാല നിയന്ത്രണത്തിൽ നിന്ന് ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കലക്ടര്‍മാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഒമിക്രോണ്‍ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഞായറാഴ്ച വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണം. ദേവാലയങ്ങളില്‍ ഉള്‍പ്പെടെ പത്തുമണിക്ക് ശേഷമുള്ള കൂടിച്ചേരലുകള്‍ നിരോധിച്ചിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ആളുകള്‍ ഒത്തുചേരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഈ ദിവസങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ക്കും നിയന്ത്രണം ഉണ്ടാകും. തിയറ്ററുകളില്‍ രാത്രി പത്തുമണിക്ക് ശേഷം പ്രദര്‍ശനം അനുവദിക്കില്ല. ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

Post a Comment

1 Comments