പറവൂരിലെ യുവതിയുടെ മരണം; സഹോദരി പിടിയിൽ


പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സഹോദരി ജിത്തു പിടിയിൽ. കാക്കനാട് ഒളിവിൽ കഴിയവെയാണ് പിടിയിലായത്. സംഭവത്തിൽ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ജിത്തു സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസിന്റെ നടപടി. സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

പറവൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പറവൂർ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീട്ടിലാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. സംഭവത്തിൽ സഹോദരിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

മരിച്ച പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു . പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിസ്മയയുടെ ശരീരത്തിൽ നിന്ന് മരണകാരണമായതോ മറ്റോ മുറിവുകൾ കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

പെൺകുട്ടിയുടെ ശരീരം പൂർണമായി കത്തിക്കരിഞ്ഞതിനിലാണ് മുറിവുകൾ കണ്ടെത്താൻ കഴിയാത്തത്തെന്ന് പൊലീസ് പറഞ്ഞു. കാണാതായ മറ്റ് പെൺകുട്ടിക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നതായും റൂറൽ എസ്പി കെ. കാർത്തിക് പറഞ്ഞു. ഈ പെൺകുട്ടിയെ കണ്ടെത്തിയാൽ മാത്രമേ വീടിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് പറവൂരിനെ നടുക്കിയ സംഭവമുണ്ടായത്. പറവൂർ പെരുവാരം സ്വദേശി ശിവാനന്ദന്റെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്ന കണ്ട അയൽവാസികളാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചത്. സംഭവം നടക്കുമ്പോൾ വിസ്മയയും സഹോദരി ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊലീസെത്തുന്നതിന് മുൻപേ ജിത്തുവിനെ കാണാതാവുകയും ചെയ്തിരുന്നു.

Post a Comment

0 Comments