നടൻ അനിൽ നെടുമങ്ങാടിന്റെ ഓർമകൾക്ക് ഒരു വയസ്


പോയ വർഷത്തെ ക്രിസ്മസ് നാളിലാണ് മലയാള സിനിമയ്ക്കും ആരാധകർക്കും വിങ്ങൽ സമ്മാനിച്ച് അനിൽ മരണപ്പെടുന്നത്. വെള്ളിത്തിരയിൽ മികച്ച വേഷങ്ങളിൽ തിളങ്ങവേയായിരുന്നു മലങ്കര ഡാമിന്റെ ആഴങ്ങളിൽ അനിൽ മരണത്തെ പുൽകുന്നത്.

2014-ൽ രാജീവ് രവി സംവിധാനംചെയ്ത 'ഞാൻ സ്റ്റീവ് ലോപ്പസി'ലെ 'ഫ്രെഡി കൊച്ചപ്പനി'ലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച അനിൽ കമ്മട്ടിപ്പാടം, പാവാട, പൊറിഞ്ചുമറിയം തുടങ്ങിയ സിനിമകളിലൂടെ എണ്ണം പറഞ്ഞ് മുന്നേറി.

2020-ൽ 'അയ്യപ്പനും കോശിയും' സിനിമയിലെ സി.ഐ. സതീഷ് കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിമാറി.

ജോജു നായകനായ 'പീസ്' എന്ന ചിത്രത്തിൽ അഭിനയിക്കാനാണ് തൊടുപുഴയിൽ എത്തിയത്. അനിലും സുഹൃത്ത് അരുണും കുളിക്കാനിറങ്ങുകയായിരുന്നു. സുഹൃത്ത് വിനോദ് കരയ്ക്കിരുന്നു. കരയിലേക്ക് കയറിയെങ്കിലും ഒന്നുകൂടി തലനനച്ച് വരാമെന്നുപറഞ്ഞ് അനിൽ വീണ്ടും ഇറങ്ങി പതിനഞ്ച് അടി നീന്തിയപ്പോഴേക്കും കാലുകുഴഞ്ഞ് മുങ്ങി.

ബഹളംകേട്ടെത്തിയ സിവിൽ പോലീസ് ഓഫീസർ പി. ഹരികൃഷ്ണൻ ജലാശയത്തിലിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരനായ ഷിനാജാണ് പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments