തങ്ക അങ്കി ചാർത്തിയുള്ള ഘോഷയാത്ര ഇന്ന് ശബരിമലയിലെത്തും, സന്നിധാനത്തടക്കം നിയന്ത്രണങ്ങൾ


ശബരിമലയിൽ മണ്ഡലപൂജക്ക് മുന്നോടിയായുള്ള തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഇന്ന് നടക്കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയില്‍ എത്തിച്ചേരും. കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടതാണ് തങ്ക അങ്കി ഘോഷയാത്ര. വിവിധ സ്ഥലങ്ങളില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പാണ് ഘോഷയാത്രക്ക് ലഭിച്ചത്.

ഇന്നലെ രാത്രി ളാഹ സത്രത്തില്‍ തങ്ങിയശേഷം ഇന്ന് പുലര്‍ച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്. പമ്പയില്‍ അയ്യപ്പ ഭക്തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിടുണ്ട്. മൂന്ന് മണിയോടെ തങ്ക അങ്കി പ്രത്യേക പേടകത്തിലാക്കി അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് കൊണ്ടുവരും. ശരംകുത്തിയില്‍ വെച്ച് ദേവസ്വം അധികൃതരും അയപ്പഭക്തരും ചേര്‍ന്ന് സ്വീകരിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ട് പോകും. കൊടിമരചുവട്ടില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും മെമ്പര്‍മാരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.

നാളെ രാവിലെ 11.45 നും 1.15 നും ഇടയിലാണ് മണ്ഡലപൂജ. തങ്ക അങ്കി ചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയോടെ മണ്ഡലപൂജ സമാപിക്കും. തങ്ക അങ്കി പമ്പയിൽ എത്തിചേരുന്നതിന്‍റെ ഭാഗമായി ഉച്ചക്ക് പന്ത്രണ്ട് മണിമുതല്‍ ഒന്നര വരെ പമ്പ - നിലക്കല്‍ ശബരിമല പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിടുണ്ട്. ഉച്ചക്ക് ശേഷം തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് പോകുന്നതിനും നിയന്ത്രണം ഉണ്ട്.

Post a Comment

0 Comments