മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന് ക്വട്ടേഷൻ; മാതാപിതാക്കള്‍ അറസ്റ്റില്‍


കോഴിക്കോട്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകൾക്കും മരുമകനുമെതിരേ ക്വട്ടേഷൻ നൽകിയ അമ്മയും അച്ഛനും ഉൾപ്പെടെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാലോർമല സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മ അജിത, അച്ഛൻ അനിരുദ്ധൻ എന്നിവർ ഉൾപ്പെടെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. മകളുടെ ഭർത്താവിന്റെ ബന്ധുവിന് നേരത്തെ വെട്ടേറ്റിരുന്നു.

പ്രണയവിവാഹത്തിന് പിന്തുണ നൽകിയതിന് ഇവരുടെ സുഹൃത്ത്  കയ്യാലത്തോടി സ്വദേശി റിനീഷിനേയും നേരത്തെ ആക്രമിച്ചിരുന്നു. കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവെച്ചായിരുന്നു അക്രമം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം ഹെൽമറ്റ് അഴിക്കാൻ പറയുകയും പിന്നാലെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചെന്നുമായിരുന്നു പരാതി.

അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടിൽനിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ റിനീഷിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 21 തുന്നലുകളുണ്ട്.

Post a Comment

0 Comments