ഗള്‍ഫ് മേഖലയുടെ ഷോപ്പിംഗ് ചരിത്രം മാറ്റി എഴുതി ലുലു; പുതിയ മെഗാ മാര്‍ക്കറ്റിനു തുടക്കം

ഗള്‍ഫ് മേഖലയുടെ റീറ്റെയ്ല്‍ ഷോപ്പിംഗ് ചരിത്രം മാറ്റി എഴുതിക്കൊണ്ട് ലുലു ഗ്രൂപ്പ് ദുബായ് ഔട്ലെറ്റ് മാളുമായി ചേര്‍ന്ന് പുതിയ മെഗാ മാര്‍ക്കറ്റിനു തുടക്കം കുറിക്കുന്നു. മൊത്തക്കച്ചവട വില നിലവാരം ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കിക്കൊണ്ട് വിലപേശല്‍ അടക്കമുള്ള സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് മെഗാ മാര്‍ക്കറ്റ് സജ്ജമാകുന്നത്. ഉന്നത മൂല്യമുള്ള വിഭവങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വില ഉറപ്പാക്കുകയും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ വിശാലമായ ലഭ്യത അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ലുലു ഗ്രൂപ്പ് മെഗാമാര്‍ക്കറ്റിലൂടെ വിഭാവന ചെയ്യുന്നത്.
നിലവിലുള്ള ദുബായ് ഔട്ലെറ്റ് മാളില്‍ 35 ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ അനുബന്ധമായിട്ടാണ് ലുലുവിന്റെ മെഗാ മാര്‍ക്കറ്റ് വരുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഔട്ലെറ്റ് മാള്‍ ഉള്ള നഗരമായി ദുബായ് മാറുകയാണ്. ചുറ്റുവട്ടത്തുള്ള 12 ലക്ഷത്തിലധികം വരുന്ന താമസക്കാര്‍ക്കും പുറത്തുനിന്നുവരുന്ന സന്ദര്‍ശകര്‍ക്കും 365 ദിവസവും ബാര്‍ഗൈന്‍ മേളകള്‍ക്ക് അവസരം ലഭിക്കുന്ന വിധത്തിലാണ് മെഗാമാര്‍ക്കറ്റ് സജ്ജീകരിക്കുക.
സിനിമാ തീയേറ്ററും കമ്മ്യൂണിറ്റി ഇവന്റ് സ്പേസും സംഗീത പരിപാടികള്‍ക്കുള്ള വിനോദ കേന്ദ്രങ്ങളും മെഗാ മാര്‍ക്കറ്റിലുണ്ടാകും. നൂതനമായ റീറ്റെയ്ല്‍ പ്രതലം സൃഷ്ടിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് സമ്ബൂര്‍ണ്ണമായ പുതിയ അനുഭവം നല്‍കലാണ് മെഗാ മാര്‍ക്കറ്റിന്റെ ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എം എ പറഞ്ഞു.

Post a Comment

0 Comments